കോഴിക്കോട്: എം.പി എം.കെ രാഘവനെതിരെ വിജിലൻസ് അന്വേഷണം. കൈക്കൂലി കേസിലും ലോക്സഭാ തെരഞ്ഞെടുപ്പിൽ അധിക തുക വിനിയോഗിച്ചതിനുമാണ് വിജിലൻസ് അന്വേഷണം. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സ്വകാര്യ ചാനൽ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ എംകെ രാഘവൻ കുടുങ്ങിയിരുന്നു.
ഫൈസ്റ്റാർ ഹോട്ടൽ തുടങ്ങാൻ എന്ന വ്യാജേന എത്തിയ ചാനൽ പ്രവർത്തകരിൽ നിന്ന് തെരഞ്ഞെടുപ്പ് ചെലവുകൾക്ക് അഞ്ചു കോടിരൂപ എത്തിക്കാൻ എംപി ആവശ്യപ്പെടുകയായിരുന്നു. കൂടാതെ 2014 തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ 20 കോടി രൂപ ചെലവഴിച്ചെന്നും ഒളിക്യാമറയിൽ വെളിപ്പെടുത്തിയിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം. കൈക്കൂലിക്കേസിൽ എംപിക്കെതിരെ കേസെടുക്കാൻ ലോക്സഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് വിജിലൻസിന് നിയമോപദേശം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്.