കോഴിക്കോട് : കുഞ്ഞുകസവ് മുണ്ടും പാവാടയും ബ്ലൗസുമൊക്കെ ധരിച്ച് രാവിലെ തന്നെ കാത്തു നില്‍ക്കുകയാണ്... ചിലർക്ക് വലിയ ആകാംക്ഷ. മറ്റ് ചിലർ പരിപാടി തുടങ്ങും മുമ്പേ കരച്ചിൽ തുടങ്ങിയിരുന്നു. കാമറ കണ്ട് കരച്ചിൽ നിർത്തി ഡീസന്‍റായവരുമുണ്ട്. അരിയിലെഴുത്ത് തുടങ്ങിയതോടെ കണ്ണുകൾ കലങ്ങി. പിന്നെ കണ്ണീർ പ്രവാഹം. പഠിച്ച പണി പതിനെട്ടും പുറത്തെടുത്തിട്ടും വായ തുറക്കാത്തവർ വേറെ. മാതാപിതാക്കൾ അവരുടെ നാവ് പുറത്തെടുത്തിട്ടും കുഞ്ഞ് നാവ് പുറത്തുവന്നില്ല.
ചിലർ എക്‌സ്‌ട്രാ ഡീസന്‍റ്. ഇതൊക്കെ എന്ത് എന്ന ഭാവം. പറയും മുൻപേ നാവ് നീട്ടി. ആദ്യക്ഷരം നുകർന്ന ശേഷം അക്ഷരമാല പുസ്‌തകം കിട്ടിയതോടെ സന്തോഷം. ചിരിച്ചും കളിച്ചും കരഞ്ഞും... കിട്ടിയ അവസരം കുരുന്നുകൾ ഉപയോഗപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകളാണിത്. നൂറുകണക്കിന് കുരുന്നുകളാണ് ഇവിടെ ആദ്യക്ഷരം കുറിച്ചത്.
കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാക്കളായ കെപി സുധീര, ശത്രുഘ്നൻ, അധ്യാപക അവാർഡ് ജേതാവ് കെപി രാമചന്ദ്രൻ, കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ടി രാമചന്ദ്രൻ, ക്ഷേത്രം മേൽശാന്തി എൻ നാരായണൻ മൂസ്സത്, സന്തോഷ് മൂസ്സത് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.