കോഴിക്കോട് : സ്‌പീക്കർ എഎൻ ഷംസീറിനെതിരെ ( AN Shamseer ) സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും പരാതി നൽകാൻ വിശ്വഹിന്ദു പരിഷത്ത് (Vishva Hidnu Parishad - VHP). ഹിന്ദു വിശ്വാസത്തെ അവഹേളിക്കുകയും മതസ്‌പർധയുണ്ടാക്കുന്ന രീതിയിൽ പ്രസംഗിക്കുകയും ചെയ്തെന്ന ആരോപണത്തിലാണ് നീക്കം. പാലക്കാട് നോർത്ത് ഉൾപ്പടെ പല സ്റ്റേഷനുകളിലും ഇതിനകം പരാതി നൽകി കഴിഞ്ഞു.
ജൂലൈ 30-നകം സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും പരാതി നൽകാനാണ് വിശ്വഹിന്ദു പരിഷത്തിന്‍റെ തീരുമാനം. ഷംസീറിനെ നിയമസഭ സ്‌പീക്കർ സ്ഥാനത്തുനിന്നും സഭാംഗത്വത്തിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവർണർക്കും നിവേദനം നൽകും. 30ന് എറണാകുളത്ത് നടക്കുന്ന വിഎച്ച്പി സംസ്ഥാന ഗവേണിങ് ബോർഡ് യോഗത്തിലായിരിക്കും ഭാവി പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുക.
വിശ്വഹിന്ദു പരിഷത്തിന്‍റെ സംസ്ഥാന അധ്യക്ഷനായി ചലച്ചിത്ര സംവിധായകൻ വിജി തമ്പിയെ ( Viji Thampi ) പാലക്കാട് ചേർന്ന യോഗത്തിൽ തെരഞ്ഞെടുത്തിരുന്നു. ഈ യോഗത്തിലാണ് എഎൻ ഷംസീറിനെതിരെ പരാതി നൽകാനുള്ള തീരുമാനം സംഘടന ഏകകണ്‌ഠമായെടുത്തത്.
'ഗണപതിയും പുഷ്‌പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണ്. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതാണ് ഹൈന്ദവ പുരാണങ്ങളിലെ സംഭവങ്ങൾ. ആനയുടെ തലവെട്ടി പ്ലാസ്റ്റിക് സർജറി ചെയ്തതായി പഠിപ്പിക്കുന്നു.
പുഷ്‌പക വിമാനമെന്ന പരാമർശം തെറ്റായ പ്രചരണമാണ്. ടെക്നോളജി യുഗത്തെ അംഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണം' - എന്നായിരുന്നു സ്‌പീക്കര്‍ ഷംസീറിൻ്റെ പ്രസ്‌താവന.
വിഷയത്തില്‍ സ്പീക്കര്‍ ഷംസീറിനെ വിമര്‍ശിച്ച് നേരത്തെ സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ ( Ramasimhan Aboobakker ) (അലി അക്‌ബര്‍) രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു രാമസിംഹന്‍റെ പ്രതികരണം.
'എടോ ഷംസീറേ ഞങ്ങൾ ഹിന്ദുക്കൾ ഗണപതിയെ വണങ്ങും, സർജറി കണ്ടുപിടിച്ചത് ശുശ്രുതനാണെന്ന് പറയും, അത് ഞങ്ങളുടെ വിശ്വാസം, അത് ചോദിക്കാൻ താനാരാ മേത്താ? എന്ന് തന്നെ ചോദിക്കും.
താൻ സ്‌പീക്കര്‍ അല്ല, തനി വർഗീയവാദിയാണെന്ന് ഞാൻ പറയുന്നു. തനിക്കെതിരെ കേസെടുക്കാൻ തന്‍റെ സർക്കാർ തയ്യാറാവുന്നില്ലെങ്കിൽ വർഗീയ വിദ്വേഷ പ്രസ്‌താവനയ്‌ക്കെതിരെ ഓരോ സ്‌റ്റേഷനിലും ഹൈന്ദവർ കേസ് കൊടുക്കും... ഒരിക്കൽ കൂടി, എന്‍റെ വിശ്വാസമായ ഗണപതിയെ അപമാനിക്കാൻ താനാരടോ?' - എന്നായിരുന്നു രാമസിംഹൻ അബൂബക്കര്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.
Read More : 'ഞങ്ങളുടെ വിശ്വാസം അത് ചോദിക്കാൻ താനാരാ മേത്താ?'; ഷംസീറിനെതിരെ ആഞ്ഞടിച്ച് രാമസിംഹൻ അബൂബക്കർ
രാമസിംഹൻ അബൂബക്കർ അടുത്തിടെ ബിജെപി വിട്ടിരുന്നു. എങ്കിലും, താൻ സ്വീകരിച്ച ഹിന്ദു മതത്തിൽ ഉറച്ച് നിന്ന് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.