കോഴിക്കോട്: ബെംഗളൂരു യാത്രക്കിടെ ഒപ്പമുണ്ടായിരുന്ന യുവാക്കൾക്കെതിരെ വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടികളുടെ മൊഴി. യുവാക്കൾ മദ്യം കുടിപ്പിച്ചെന്നും പീഡനത്തിന് ശ്രമിച്ചെന്നും പെൺകുട്ടികൾ പൊലീസിന് മൊഴി നൽകി. ഗോവയിലേക്ക് കടക്കാനായിരുന്നു പദ്ധതിയിട്ടത്. എന്നാൽ വാർത്ത പടർന്നതോടെ നാട്ടിലേക്ക് തിരിച്ചു. മലപ്പുറം എടക്കരയിലെ യുവാവാണ് യാത്രാച്ചെലവിനുള്ള പണം തന്നത്. ചിൽഡ്രൻസ് ഹോമിലെ അവസ്ഥ പരിതാപകരമായതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും പെൺകുട്ടികൾ.
പൊലീസ് കസ്റ്റഡിയിലുള്ള യുവാക്കളേയും ചോദ്യം ചെയ്‌ത് വരികയാണ്. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാക്കൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്‌ട്, പോക്സോ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്തു. ആറ് പെൺകുട്ടികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. വിശദമായ മൊഴി എടുത്തതിനു ശേഷമായിരിക്കും മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കുക.
എന്നാൽ ഒരു കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പെൺകുട്ടിയെ ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
ബുധനാഴ്‌ച കാണാതായ ആറു പേരിൽ രണ്ടു കുട്ടികളെ ബെംഗളൂരുവിൽ നിന്നും നാലു പേരെ മലപ്പുറം എടക്കരയിൽ നിന്നുമാണ് കണ്ടെത്തിയത്. ബെംഗളൂരുവിൽ നിന്ന് പെൺകുട്ടികളെയും കൊണ്ടുള്ള പൊലീസ് സംഘം രാത്രി വൈകിയാണ് കോഴിക്കോട്ടെത്തിയത്.
Also Read: ചില്‍ഡ്രൻസ് ഹോം ചാടിയ പെണ്‍കുട്ടികളെയെല്ലാം പിടികൂടി; ചോദ്യം ചെയ്യല്‍ ഉടൻ