കോഴിക്കോട്: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയോരത്തും കുടിവെള്ള സ്രോതസുകള്‍ക്ക് സമീപവും കക്കൂസ് മാലിന്യം തള്ളുന്നവരെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടി. തിരുവനന്തപുരം ബാലരാമപുരം സ്വദേശി എസ് ഷാനവാസ് (28) മലപ്പുറം വള്ളുവമ്പ്രം സ്വദേശി എം.അഹമ്മദ് ഹുസൈൻ (33) കോഴിക്കോട് കല്ലായിസ്വദേശി എ.കെ സക്കറിയ (43 ) എന്നിവരാണ് പിടിയിലായത്. മാലിന്യം കൊണ്ടുവന്ന ലോറി കസ്റ്റഡിയിലെടുത്തു.
ഇന്നലെ (ഒക്‌ടോബര്‍ 24) പുലര്‍ച്ചയാണ് സംഭവം. ഏറെക്കാലമായി മേഖലയിലെ പാടശേഖരത്തിലും കുടിവെള്ള സ്രോതസുകള്‍ക്കും സമീപം കക്കൂസ് മാലിന്യം തള്ളുന്നത് അധികരിച്ചിരുന്നു. സംഭവത്തില്‍ പൊറുതി മുട്ടിയ നാട്ടുകാര്‍ മേഖലയിലെ സിസിടിവി ദൃശ്യങ്ങളെല്ലാം പരിശോധിച്ച് വാഹനം തിരിച്ചറിഞ്ഞതിന് ശേഷം സംഘത്തിന്‍റെ നമ്പര്‍ സംഘടിപ്പിച്ചു.
നമ്പറില്‍ ബന്ധപ്പെട്ട നാട്ടുകാര്‍ പെരിന്തല്‍മണ്ണയില്‍ കക്കൂസ് മാലിന്യം എടുക്കാനുണ്ടെന്ന് അറിയിച്ചു. മാലിന്യം ശേഖരിക്കാന്‍ വരാമെന്ന് പറഞ്ഞ സംഘം രാത്രി പെരിന്തല്‍മണ്ണയിലേക്ക് വരും വഴി വീണ്ടും എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയോരത്ത് മാലിന്യം തള്ളി. ഇതിനിടെയാണ് നാട്ടുകാരും പൊലീസും ചേര്‍ന്ന് സംഘത്തെ പിടികൂടുകയായിരുന്നു.
പലഭാഗങ്ങളില്‍ നിന്നും കൊണ്ട് വരുന്ന മാലിന്യമാണ് രാത്രിയുടെ മറവില്‍ മേഖലയില്‍ ഉപേക്ഷിക്കുന്നത്. നെല്ലിക്കാപറമ്പ് കറുത്ത പറമ്പ് എന്നിവിടങ്ങളിലും സമാനമായ സംഭവമുണ്ടായതിനെ തുടര്‍ന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രതികള്‍ക്കെതിരെ നടപടി ശക്തമാക്കണമെന്നും മാലിന്യം കൊണ്ടു വരുന്ന വാഹനത്തിന്‍റെ ലൈസന്‍സ് റദ്ദാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.