കോഴിക്കോട്: വിവിധ കാർഷിക ഗ്രൂപ്പുകൾ രൂപീകരിച്ച് പച്ചക്കറി കൃഷിയ്ക്ക് ആരംഭം. വീട്ടമ്മമാരിലൂടെ പച്ചക്കറി കൃഷി പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ കാർഷിക ഗ്രൂപ്പുകൾ രൂപീകരിച്ച് പച്ചക്കറി കൃഷി ആരംഭിച്ചത്. കോഴിക്കോട് പെരുവയൽ പഞ്ചായത്തിലെ കുറ്റിക്കാട്ടൂർ സൗത്ത് പതിനഞ്ചാം വാർഡിൽ പെട്ട വീട്ടമ്മമാരുടെ പന്ത്രണ്ട് സംഘങ്ങളാണ് പച്ചക്കറി കൃഷിയിലേക്കിറങ്ങിയത് (Vegetable farming in peruvayal village).
ഒരു ഗ്രൂപ്പിൽ 20 അംഗങ്ങളാണ് ഉണ്ടായിരുന്നത്. കാർഷിക സംഘങ്ങൾക്കാവശ്യമായ വിത്തുകളും വളവും ഗ്രാമപഞ്ചായത്ത് അംഗം എം.പി സലീമും കൃഷിഭവനും എത്തിച്ചു നൽകി . പ്രദേശത്തെ തരിശുഭൂമികളെല്ലാം വനിതാ സംഘങ്ങളുടെ നേതൃത്ത്വത്തിൽ കാർഷിക യോഗ്യമാക്കി. കഠിനാധ്വാനം ചെയ്‌തതോടെ ഓരോ സംഘങ്ങൾക്കും ആവശ്യത്തിലേറെ പച്ചക്കറിയാണ് ലഭിച്ചത്.
ആദ്യ കൂട്ടുകൃഷി തന്നെ വലിയ വിജയമായതോടെ ഇനിയും കൂടുതൽ കൂട്ടായ്‌മകൾ രൂപീകരിച്ച് കൃഷി ഇറക്കാനാണ് ഉദ്ദേശ്യമെന്ന് വാർഡ് മെമ്പർ എം.പി. സലീം പറഞ്ഞു.
കൃഷിയിടങ്ങളിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളിൽ ആവശ്യം കഴിഞ്ഞുള്ളവ വിൽപ്പന നടത്തുന്നുമുണ്ടെന്ന് വീട്ടമ്മമാരിൽ ഒരാളായ ലിജിത പറഞ്ഞു. വീട്ടമ്മമാരുടെ കാർഷിക വിജയഗാഥയറിഞ്ഞ് നിരവധി പേരാണ് കൃഷിയിടങ്ങളിൽ എത്തുന്നത്. അതുകൊണ്ടു തന്നെ ഇവരെ മാതൃകയാക്കി ഒഴിവുവേള ഉപയോഗിച്ചുള്ള കൃഷി ഇനിയും കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കും എന്ന കാര്യം തീർച്ചയാണെന്ന് മറ്റൊരു വീട്ടമ്മയായ രതിയും പറഞ്ഞു.
Also Read: മറയൂരിൽ മാത്രമല്ല, ഹൈറേഞ്ചില്‍ എവിടെയും ഉരുളക്കിഴങ്ങ് വിളയും; വിജയക്കൊടി പാറിച്ച് ചൂരക്കാട്ടിൽ ജോണി