കോഴിക്കോട് : ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വസ്‌ത്ര സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്. ജെന്‍ഡര്‍ ജസ്റ്റിസിനായി പെണ്‍കുട്ടികളെ സഹായിക്കുമ്പോള്‍ അവരുടെ ക്ഷേമത്തിനും, സ്വതന്ത്ര്യത്തിനുമാണ് പ്രാധാന്യം നല്‍കേണ്ടതെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകേണ്ടത്. അതുണ്ടായാല്‍ പ്രതിപക്ഷത്തിന്‍റെ പിന്തുണയും സര്‍ക്കാരിനുണ്ടാകും. ആണും പെണ്ണും, ഒരുമിച്ചിരുന്നാൽ ശ്രദ്ധ പാളുമെന്ന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാമിന്‍റെ പ്രസ്‌താവന വി ഡി സതീശന്‍ തള്ളി.
ആണും പെണ്ണും, ഒരുമിച്ചിരുന്നാൽ ശ്രദ്ധ പാളുമെന്ന കാഴ്‌ചപ്പാടിനോട് യോജിപ്പില്ല. ലിംഗ സമത്വം അനിവാര്യമായ ഒന്നാണെന്നും പ്രതിപക്ഷനേതാവ് അഭിപ്രായപ്പെട്ടു.
ഗവര്‍ണര്‍ക്ക് പൂര്‍ണ പിന്തുണയെന്ന് പ്രതിപക്ഷ നേതാവ് : ഗവർണർക്കെതിരെ സർക്കാർ ഒളിപ്പോര് നടത്തുകയാണ്. സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണറുടെ നിലപാടിനെ പിന്തുണയ്‌ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇക്കഴിഞ്ഞ 17-നാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കാനുള്ള എല്ലാ നടപടിക്രമങ്ങളും ഗവര്‍ണര്‍ മരവിപ്പിച്ചത്.
ഇക്കാര്യം വിശദീകരിച്ച് രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. ചാന്‍സലര്‍ എന്ന നിലയിലുള്ള അധികാരം ഉപയോഗിച്ചായിരുന്നു നടപടി. പിന്നാലെ ഗവർണറുടെ നടപടിക്കെതിരെ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രൻ രംഗത്തെത്തി. ചട്ടം 1996 ലെ സെക്ഷൻ 7 (3) പ്രകാരം കാരണം കാണിക്കൽ നോട്ടിസ് ലഭിച്ചിട്ടുണ്ട്. എന്നാൽ, നോട്ടിസ് നൽകിയത് ചട്ടങ്ങൾ പാലിക്കാതെയാണെന്നും വി.സി വിഷയത്തില്‍ മറുപടി നല്‍കി.