കോഴിക്കോട് : പഞ്ചാബിലെയും ഉത്തർപ്രദേശിലെയും അടക്കമുള്ള നിയമസഭ തെരഞ്ഞടുപ്പുകളിലെ തോൽവി അംഗീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോൺഗ്രസ് പ്രവർത്തകരെ നിരാശപ്പെടുത്തുന്ന ഫലമാണുണ്ടായിരിക്കുന്നത്. വേണ്ടത്ര മുന്നൊരുക്കം നടത്താത്തത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. പരാജയത്തിനുണ്ടായ കാരണം മനസിലാക്കി തിരുത്തുമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ പഞ്ചാബിലാണ് കോൺഗ്രസിന് ഭരണമുണ്ടായിരുന്നത്. അവിടെയും പാർട്ടിക്ക് ഭരണം നഷ്‌ടപ്പെട്ടു. സാധ്യതയുണ്ടായിരുന്ന ഉത്തരാഖണ്ഡിലും ഗോവയിലും കോൺഗ്രസിന് ഭരണത്തിലെത്താൻ കഴിഞ്ഞിട്ടില്ല.
ALSO READ: ഒരിടത്തും കൈ ഉയര്‍ത്താനാവാതെ കോണ്‍ഗ്രസ്: നാലിടത്ത് തരംഗമായി ബി.ജെ.പി; അട്ടിമറിച്ച് ആം ആദ്മി
തെരഞ്ഞെടുപ്പിൽ വിജയവും പരാജയവും സ്വാഭാവികമാണ്. തോൽവിയുടെ കാരണം മനസിലാക്കി അത് മറികടക്കാൻ വേണ്ടിയിട്ടുള്ള തന്ത്രങ്ങൾ ആവിഷ്‌കരിച്ചും നയപരിപാടികളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയും കോൺഗ്രസിന് മുന്നോട്ട് പോകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.