കോഴിക്കോട് : വടകരയിൽ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ പൊലീസുകാര്‍ക്കെതിരെ കൂട്ട നടപടി. എസ്.എച്ച്.ഒ ഉൾപ്പടെ 66 പൊലീസുകാരെ സ്ഥലം മാറ്റി. ഡി.ജി.പിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയാണ് നടപടിക്ക് നിർദേശം നൽകിയത്.
സംഭവത്തിൽ പൊലീസുകാർക്ക് ഗുരുതര വീഴ്‌ചയുണ്ടായെന്നാണ് ഉത്തരമേഖല ഐ.ജി ടി വിക്രമിന്‍റെ കണ്ടെത്തല്‍. അതിനിടെ സജീവൻ്റെ മരണത്തിൽ ഒരു പൊലീസുകാരനെ കൂടി സസ്പെൻഡ് ചെയ്‌തു. സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ സജീഷിനെതിരെയാണ് നടപടി. ഇതോടെ സംഭവത്തിൽ സസ്പെൻഷനിലായവരുടെ എണ്ണം നാലായി.
READ MORE| വടകര പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു: എസ്.ഐ മര്‍ദിച്ചെന്ന് സുഹൃത്തുക്കള്‍
നടപടി നേരിട്ട ഉദ്യോഗസ്ഥരെ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും. ഇന്നുതന്നെ, കൂടുതൽ സാക്ഷികളെ ചോദ്യം ചെയ്യുകയും സംഭവ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ മൊഴിയെടുപ്പും നടത്തും. ഇതുവരെ ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ വടകര കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.