കോഴിക്കോട്: ''സൽപ്രവർത്തികളോരോന്നും പ്രാർത്ഥനയാണെങ്കിൽ ജീവിതം അനന്തമായ പ്രാർത്ഥനയാകുന്നു.''വീട്ടുമുറ്റത്തെ മാങ്കോസ്റ്റിൻ മരചുവട്ടിലിരുന്ന് മലയാള സാഹിത്യത്തെ തനിക്ക് മുമ്പും ശേഷവുമെന്ന് വിഭജിച്ചെടുത്ത വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായിട്ട് 25 വർഷങ്ങൾ. സാഹിത്യത്തെ ആലഭാരങ്ങളിൽ നിന്ന് മോചിപ്പിച്ച് സാധാരണക്കാരന്‍റെ കൂടി ഇടമാക്കി മാറ്റുന്നതിൽ ബഷീറോളം പങ്ക് മറ്റാരും വഹിച്ചിട്ടില്ല. ഭാഷയിലും പ്രമേയത്തിലും ബഷീർ പുലർത്തിയ വ്യത്യസ്തത അനുകരിക്കാനും ആവർത്തിക്കാനും സാധിക്കാത്ത നിലയിലൊരു ബഷീറിയൻ കാലത്തെ തന്നെ സാഹിത്യത്തിൽ സൃഷ്ടിച്ചു. പ്രേമലേഖനം എന്ന കൃതിയിലൂടെ മലയാള സാഹിത്യത്തിൽ തന്‍റെ ചാരുകസേര ഉറപ്പിച്ചിട്ട ബഷീർ ബാല്യകാലസഖിയിലൂടെയും വിമർശനങ്ങളുടെ പീരങ്കിയുണ്ടകളേറ്റുവാങ്ങിയ ശബ്ദങ്ങളിലൂടെയും മലയാളത്തിലെ ഭാവുകത്വപരിസരങ്ങളെ കീഴ്മേൽ മറിച്ചു. 1982ൽ രാജ്യം പത്മശ്രീ നൽകി ബഷീറിനെ ആദരിച്ചു.
ഭൂമി മനുഷ്യനെപോലെ തന്ന പാമ്പിനും പല്ലിക്കും സകലചരാചരങ്ങൾക്കും ഉള്ളതാണെന്ന ബോധത്തിൽ തന്നെ ബഷീർ എന്ന മനുഷ്യൻ ഉൾച്ചേർന്നിരിക്കുന്നു. ദീർഘകാലം നീണ്ടുനിന്ന യാത്രകളും അലച്ചിലുകളും നൽകിയ മനുഷ്യനെയും ലോകത്തെയും സംബന്ധിച്ച വീക്ഷണങ്ങളും വൈകാരികതകളും ബഷീർ കൃതികളിൽ ഉടനീളം കാണാം.
''ഈ കൃതി ജീവിതത്തിൽ നിന്നും വലിച്ചു ചിന്തിയ ഒരേടാണ്, വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു.'' എംപി പോൾ എഴുതിയ അവതാരികയിലെ വരികളാണിത്. ബാല്യകാല സഖി മാത്രമല്ല ബഷീർ കൃതികൾ മിക്കതും ജീവിതത്തിൽ നിന്ന് ചീന്തിയെടുത്തത് തന്നെയാണ്.
കാൽക്കീഴിലെ മൺതരി ഭൂമിയെ മുഴുവൻ പ്രതിനിധീകരിക്കുന്നപോലെ തന്‍റെ ചുറ്റുമുള്ള മനുഷ്യർ ബഷീറിന് ലോകത്തെങ്ങുമുള്ള മനുഷ്യരുടെ കഥകൾ പറയാനുതകുന്ന കഥാപാത്രങ്ങളായി. അതുകൊണ്ട് തന്നെ ബഷീറിന്‍റെ കഥാപാത്രങ്ങളെ നാം നമുക്ക് ചുറ്റിലോ നമ്മിൽ തന്നെയോ നിരന്തരം കണ്ടുമുട്ടാറുണ്ട്. മരിച്ച് 25 വർഷങ്ങൾ കഴിയുമ്പോഴും കൈയ്യിലൊരു ബീഡിയുമായി ചാരുകസേരയിലിരുന്ന് പാട്ടുപെട്ടിയിൽ സോജാ രാജകുമാരി കേൾക്കുന്ന ബഷീർ മലയാളിയുടെ സാഹിത്യത്തെ സംബന്ധിച്ച ദൃശ്യങ്ങളിൽ ആദ്യത്തേതായി അവശേഷിക്കുന്നു.