കോഴിക്കോട്: ഹർത്താലിൽ സർവീസ് നടത്തിയ രണ്ട് സ്വകാര്യബസുകൾക്ക് നേരെ നാദാപുരത്തിനടുത്ത് വട്ടോളിയില്‍ അക്രമം. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 17ന് വെല്‍ഫെയര്‍ പാര്‍ട്ടി, എസ്‌ഡിപിഐ തുടങ്ങിയ സംഘടനകൾ നേതൃത്വം നല്‍കിയ ഹര്‍ത്താലില്‍ ബസ് സര്‍വീസ് നടത്തിയതിനെ തുടര്‍ന്നായിരുന്നു അക്രമം. വടകര-തൊട്ടിൽ പാലം റൂട്ടിൽ സർവീസ് നടത്തുന്ന പി.പി.ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബസുകളാണ് അജ്ഞാതർ അടിച്ചുതകർത്തത്.
രണ്ട് ബസിന്‍റെ ചില്ലുകളും ഒരു ബസിന്‍റെ ടയറുകളും നശിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ എയർപോർട്ടിലേക്ക് പോകുകയായിരുന്ന യാത്രക്കാരാണ് വട്ടോളിയിൽ ബസുകൾ തകർത്ത നിലയിൽ കണ്ടത്. രണ്ടാഴ്‌ച മുമ്പ് ഇതേ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബസിലെ ക്ലീനർക്ക് നേരെയും ബൈക്കിലെത്തിയ സംഘം അക്രമം നടത്തിയിരുന്നു. ഇതിന് പിന്നാലെ കല്ലാച്ചിയിൽ നിർത്തിയിട്ട ഒരു ബസും അടിച്ചുതകർത്തിരുന്നു. ഈ കേസുകളിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് വീണ്ടും അക്രമം ഉണ്ടായത്.