കോഴിക്കോട്: അവിനാശി അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ റോഡ് സുരക്ഷക്ക് കര്‍ശന നടപടി ഉണ്ടാകുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അവിനാശിയിലെ അപകടത്തിന് കാരണം. കണ്ടെയ്‌നർ ലോറികളില്‍ രണ്ടു ഡ്രൈവര്‍മാരെ ഉറപ്പാക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അവിനാശി അപകടത്തില്‍ മോട്ടോര്‍വാഹന വകുപ്പ് ആർടിഒ, ഗതാഗത കമ്മിഷണര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. പാലക്കാട് എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒ പി. ശിവകുമാറിനായിരുന്നു അന്വേഷണചുമതല. റിപ്പോര്‍ട്ട് കിട്ടിയശേഷം ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെ നടപടിയെടുക്കും. കെഎസ്ആര്‍ടിസി എംഡി എം.പി ദിനേശ് ഗതാഗതമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കേരള റോഡ് സുരക്ഷ അതോറിറ്റിയുടെ യോഗം 25ന് തിരുവനന്തപുരത്ത് ചേരും. തമിഴ്‌നാട്ടിലെ അവിനാശിയിൽ കെഎസ്ആർടിസി ബസിൽ കണ്ടെയ്‌നർ ലോറി ഇടിച്ച് 19 പേർ മരിച്ച അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. അതോറിറ്റി അധ്യക്ഷൻ കൂടിയായ എ.കെ ശശീന്ദ്രനാണ് യോഗം വിളിച്ചത്.
രാത്രികാലത്ത് കണ്ടെയ്‌നർ ലോറികൾ ഉൾപ്പെടെയുള്ള ചരക്കു വാഹനങ്ങളുടെ യാത്രാസുരക്ഷയാകും യോഗത്തിലെ പ്രധാന വിഷയം. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളും ചർച്ച ചെയ്യും. പൊതുമരാമത്ത് മന്ത്രി, ഡിജിപി, ട്രാൻസ്പോർട് കമ്മിഷണർ, ഗതാഗത, മരാമത്ത്, വിദ്യാഭ്യാസ വകുപ്പുകളിലെ സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.