കഴിഞ്ഞ ദിവസം കോഴിക്കോട് മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ് ജെൻഡറെ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിൽ പൊലീസ്. സാരി കഴുത്തിൽ കുരുക്കി ശ്വാസംമുട്ടിച്ച് കൊന്നതാണെന്ന നിഗമനത്തിലാണ് ഇപ്പോൾ അന്വേഷണം നീങ്ങുന്നതെന്ന് നടക്കാവ് സിഐ എ പ്രേംജിത്ത് അറിയിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമെ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും സിഐ പറഞ്ഞു.
അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായും അദ്ദേഹം പറഞ്ഞു. കണ്ണൂർ സ്വദേശിയായ ശാലുവിനെയാണ് കഴിഞ്ഞദിവസം പുലർച്ചയോടെ യുകെഎസ് റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ച് ട്രാൻസ്ജെൻഡേഴ്സ് കമ്മ്യൂണിറ്റി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.