കോഴിക്കോട്: ചുമടിറക്കാൻ കടയുടമ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് കോഴിക്കോട് തൊണ്ടയാട് കെ ഇ ആർ എന്‍റർപ്രൈസസിലേക്ക് സംയുക്ത ട്രേഡ് യൂണിയൻ സംഘടനകൾ മാർച്ച് നടത്തി. കഴിഞ്ഞ ദിവസം സ്ഥാപനത്തിലെ കയറ്റിറക്കുമായി ബന്ധപ്പെട്ട തർക്കത്തിൽ തൊഴിലാളികൾ കടയിലേക്ക് വന്ന ലോഡ് തടഞ്ഞിരുന്നു. അതിഥി തൊഴിലാളികളെ കടയുടമ ചെറിയ ശമ്പളം നൽകി ചൂഷണം ചെയ്യുകയാണ്.
തങ്ങൾക്ക് ലഭിക്കേണ്ട പണിയും ശമ്പളവും അതിഥി തൊഴിലാളിക്ക് നൽകാൻ അനുവദിക്കില്ലെന്നാണ് തൊഴിലാളി സംഘടനകളുടെ നിലപാട്. എന്നാൽ ചുമട്ടു തൊഴിലാളികൾ സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കുന്നില്ലെന്നാണ് കടയുടമയുടെ വാദം. വിഷയത്തിൽ നിരവധി തവണ ചർച്ചകൾ നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല.
കടയിലേക്ക് വരുന്ന ലോഡ് ഇറക്കാൻ അനുവാദം തരണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. അത് അംഗീകരിക്കാത്തിടത്തോളം പ്രതിഷേധം തുടരുമെന്നും സംയുക്ത തൊഴിലാളി സംഘടനകൾ വ്യക്തമാക്കി. നിലവിൽ ട്രേഡ് യൂണിയനുകളുടെ ഉപരോധത്തെ തുടർന്ന് സ്ഥാപനം അടച്ചിട്ടിരിക്കുകയാണ്.