കോഴിക്കോട്: ഇന്ന് നിയമ സഭയുടെ ചരിത്രത്തിലെ കറുത്ത ദിവസമായി അറിയപ്പെടുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. സി.എ.ജി റിപ്പോർട്ടുകൾക്കെതിരെ അഭിപ്രായം ഉന്നയിക്കാൻ പല മാർഗങ്ങൾ ഉണ്ടെങ്കിലും നിയമസഭയിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് ഗുരുതരമായ നിയമ ലംഘനമാണ് മന്ത്രി സഭ നടത്തിയതെന്ന് എം.ടി രമേശ് ആരോപിച്ചു.
സി.പി.എമ്മിനെ ആരും ചോദ്യം ചെയ്യരുതെന്ന നിലപാടാണ്. സർക്കാരിന് എന്തും കാണിക്കാനുള്ള അവസരം ഒരുക്കി കൊടുക്കുന്നത് പ്രതിപക്ഷമാണ്. സിഎജി റിപ്പോര്‍ട്ടിനെതിരെ ചരിത്രത്തിലാദ്യമായി നിയമസഭ പ്രമേയം പാസാക്കിയതിന് എതിരെ പ്രതികരിക്കുകയായിരുന്നു എം.ടി രമേശ്. ഭരണഘടനക്കും മുകളിലാണ് സർക്കാർ എന്ന ധാരണയാണ് ഉള്ളതെന്നും ന്യൂനപക്ഷങ്ങളെ കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പായി ഇടതു വലതു പക്ഷങ്ങൾ തെരഞ്ഞെടുപ്പിനെ മാറ്റുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യു.ഡി.എഫിനെ നയിക്കുന്നത് ഉമ്മൻ ചാണ്ടിയല്ല കുഞ്ഞാലിക്കുട്ടിയാണെന്നും എം.ടി രമേശ് പറഞ്ഞു.