കോഴിക്കോട്: മലബാറിൽ വനംവകുപ്പ് തുറക്കാന്‍ ഉദ്ദേശിക്കുന്ന ടൈഗർ സഫാരി പാർക്ക് പേരാമ്പ്രയിൽ ആരംഭിക്കാൻ ധാരണ (Tiger Safari Park Kozhikode). പ്ലാൻ്റേഷൻ കോർപറേഷൻ്റെ 280 ഹെക്‌ടര്‍ ഭൂമി ഇതിനായി ഉപയോഗപ്പെടുത്തും. പദ്ധതിക്കായി കുറച്ച് മരങ്ങൾ മുറിച്ചാൽ മതിയെന്നും റോഡ് സൗകര്യം ഉണ്ടെന്നതുമാണ് അനുകൂല ഘടകമായി കാണുന്നത് (Perambra Tiger Safari Park).
തിരുവനന്തപുരം നെയ്യാർ ഡാമിലെ (Neyyar Dam Thiruvananthapuram) സിംഹ പാർക്കിൻ്റെ മാതൃകയിൽ അഞ്ച് മീറ്റർ ഉയരത്തിൽ ചുറ്റുമതിൽ സ്ഥാപിച്ച് അതിനുള്ളിലാണ് കടുവകളെ പാർപ്പിക്കുക. ചുരുങ്ങിയത് 40 ഹെക്‌ടർ സ്ഥലമാണ് ഇതിന് വേണ്ടത്. സംസ്ഥാന വനം-വന്യജീവി വകുപ്പിനാണ് പാർക്കിന്‍റെ നടത്തിപ്പ് ഉത്തരവാദിത്തം (Lion Park Near Neyyar Dam).
മൃഗശാലകളുടെ മറ്റൊരു പതിപ്പാണ് കടുവ സഫാരി പാർക്ക്. പ്രവേശന ഫീസ് ഏർപ്പെടുത്തി കവചിത വാഹനങ്ങളിൽ സന്ദർശകര്‍ക്ക് പാർക്കിനുള്ളിൽ യാത്ര ചെയ്യാനാകും. ടൂറിസം വികസനമാണ് പ്രധാന ലക്ഷ്യം. ബഫർസോൺ പോലുള്ള നിയമ പ്രശ്നങ്ങൾ ഇതിൽ ഉണ്ടാവുകയില്ലെന്നും അധികൃതർ പറയുന്നു. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (National Tiger Conservation Authority) ഉൾപ്പെടെയുള്ളവരുടെ പരിശോധനകൾ കഴിഞ്ഞ് അനുകൂല തീരുമാനമുണ്ടായാൽ മാത്രമെ സഫാരി പാർക്കിന് അന്തിമ രൂപം കൈവരികയുള്ളൂ (Kozhikode Tiger Safari Park).
ആശങ്കയില്‍ നാട്ടുകാരും രാഷ്‌ട്രീയ പ്രതിനിധികളും: ടൈഗർ സഫാരി പാർക്ക് ആരംഭിക്കാന്‍ ധാരണയായതോടെ പദ്ധതിയുമായി ബന്ധപ്പെട്ട് ആശങ്കകൾ പങ്കുവച്ച് നാട്ടുകാരും രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളും രംഗത്തെത്തി. ടൈഗർ സഫാരി പാർക്കിൻ്റെ മറവിൽ കടുവ സങ്കേതമാക്കാനുള്ള രഹസ്യ അജണ്ട സർക്കാരിനുണ്ടോ എന്നതാണ് നിലവിലെ ആശങ്ക. അങ്ങനെയായാല്‍ 10 കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ ആവുകയും ജനങ്ങൾ കുടിയൊഴിഞ്ഞ് പോവുകയും ചെയ്യേണ്ടി വരും (Buffer Zone Issue).
വനംവകുപ്പിന്‍റെ (Forest Department) എതിർപ്പ് കാരണം തടസപ്പെട്ടിരിക്കുന്ന പൂഴിത്തോട് പടിഞ്ഞാറത്തറ ബദൽ റോഡ് പൂർത്തിയാക്കിയാൽ മാത്രമെ ടൂറിസം സാധ്യതയുണ്ടാകുകയുള്ളൂ. കക്കയം പെരുവണ്ണാമൂഴി റോഡും ഫലപ്രാപ്തിയിലെത്തിക്കണം. ഒപ്പം വനാതിർത്തി മേഖലയിൽ നിലവിൽ ജനങ്ങൾ അനുഭവിച്ച് കൊണ്ടിരിക്കുന്ന വന്യമൃഗശല്യത്തിന് അറുതിവരുത്താതെ പാർക്ക് നിർമാണം അനുവദിക്കില്ലെന്നും നാട്ടുകാർ പറയുന്നു. ഇതിന്റെ നിയമാവലിയും വ്യവസ്ഥകളും വ്യക്തമാക്കാൻ അധികൃതർ തയാറാകണമെന്ന് ഇവർ ആവശ്യപ്പെട്ടു (Kozhikode Tourist Spot).