കോഴിക്കോട്: ചില കാര്യങ്ങളില്‍ ചിലർക്ക് വലിയ താല്‍പര്യമായിരിക്കും. വണ്ടികളോട്, ആനകളോട്, കളികളോട് അങ്ങനെ അങ്ങനെ.. പലതും ഒരു തിരിച്ചറിവാകുമ്പോൾ വന്നു ചേരുന്നതാണ്. എന്നാൽ കോഴിക്കോട് മടവൂരിൽ ഒരു വണ്ടി പ്രാന്തനുണ്ട്. 3 വയസുകാരനായ യാമിർ ഫതേഹ്. ഇമ്മിണി വലിയ കമ്പം തന്നെയാണ് വാഹനങ്ങളോട്. 60 കാറുകളുടെ പേര് പറയും.
കാർ പൂർണമായി കാണണം എന്ന് ഒരു നിർബന്ധവുമില്ല. ലൈറ്റ് കണ്ടാൽ മതി, അത് ഹെഡ് ആയാലും ടെയ്ൽ ആയാലും. കാറുകളുടെ ലോഗോയും ബോഡി പാർട്‌സും വരെ മനഃപാഠമാണ്. എന്തിനേറെ നാട്ടിലൂടെ സ്ഥിരമായി പോകുന്ന പതിനഞ്ചോളം കാറുകളെ ഹോൺ കേട്ടാൽ വരെ പേര് പറയും.
കാർ മാത്രമല്ല, ഇരുപത് ട്രാൻസ്പോർട്ട് വാഹനങ്ങളുടെ കൂടി കമ്പക്കാരനാണ് യാമിർ ഫതേഹ്. ഇരുചക്ര വാഹനങ്ങളും ലിസ്റ്റിലുണ്ട്, ബുള്ളറ്റിനോടാണ് കൂടുതൽ ഇഷ്‌ടം. മടവൂർ സ്വദേശി ജുനൈദ്-മുസ്‌കാൻ ദമ്പതികളുടെ ഏകമകനാണ് ഈ കൊച്ചു മിടുക്കൻ. ഒന്നര വയസായപ്പോൾ തന്നെ വണ്ടിക്കമ്പം തുടങ്ങി. പുറത്തിറങ്ങിയാൽ വാഹനങ്ങൾ തപ്പി ഒരു പോക്കാണ്.
വണ്ടിയിൽ തുടങ്ങിയ കമ്പം മറ്റ് പലതിലേക്കുമെത്തി ഇപ്പോൾ.. മൃഗങ്ങൾ, പക്ഷികൾ, പഴങ്ങൾ, പച്ചക്കറികൾ, മത്സ്യങ്ങൾ, കളറുകൾ, എന്തിനേറെ ഒന്നു മുതൽ നൂറ് വരെയുള്ള സംഖ്യകളും അക്ഷരമാലയും മലയാളത്തിലും അറബിക്കിലും പറയും .
ഇതെല്ലാം കണക്കിലെടുത്ത് ഇന്ത്യ ബുക്ക്‌സ് ഓഫ് റെക്കോഡ്‌സും അവരുടെ പട്ടികയിൽ ഇടം നൽകി. ഇനിയും റെക്കോഡുകൾ വാരിക്കൂട്ടാനുള്ള പരതലിലാണ് ഫത്തു. ഫത്തു ഇപ്പോൾ നാട്ടിലും താരമാണ്.
Also read: അസാധ്യമായ ഓർമശക്തികൊണ്ട് അഞ്ചാം വയസിൽ റെക്കോഡ് നേട്ടം; വിസ്‌മയിപ്പിച്ച് കൊച്ചുമിടുക്കി
ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടം പിടിച്ച അഞ്ചുവയസുകാരി: അസാധ്യമായ മെമ്മറി പവർ കൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടം പിടിച്ച എമിൻ ഹനീസ് എന്ന അഞ്ചുവയസുകാരിയും മലയാളികൾക്ക് പരിചിതയാണ്. മലപ്പുറം മഞ്ചേരി സ്വദേശിയാണ് എമിൻ. നിരവധി രാജ്യങ്ങളുടെ പേരും തലസ്ഥാനവും അവിടത്തെ രാഷ്‌ട്രത്തലവൻമാരുടെ പേരുകളും പഠിച്ച് അവ ഓർത്തെടുത്ത് മിനുട്ടുകൾ കൊണ്ടാണ് എമിൻ പറയുക. ഒരു മാസം കൊണ്ടാണ് ഈ എൽകെജിക്കാരി ഇതെല്ലാം മനഃപാഠമാക്കിയത്. പല രാജ്യങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് ആലോചിക്കാനുള്ള നേരം ഈ കൊച്ചുമിടുക്കി എടുക്കില്ല. ചെറു പ്രായത്തിൽ തന്നെ എമിന് കാച്ചിങ് പവർ കൂടുതലായിരുന്നു എന്ന് പിതാവ് ഹനീസ് പറഞ്ഞിരുന്നു.