കോഴിക്കോട് : എടിഎം കാർഡും മൊബൈൽ ഫോണും കവർന്ന് ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത മോഷ്‌ടാവ് പൊലീസിന്‍റെ പിടിയിൽ (Man Arrested For Stealing Money). കർണാടക സ്വദേശി നാഗരാജിനെ ആണ് കോഴിക്കോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്‌തത്. തട്ടിപ്പിന് ശേഷം മുങ്ങിയ നാഗരാജിനെ തെലങ്കാനയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
സെപ്‌റ്റംബർ 26നായിരുന്നു മോഷണം നടന്നത്. കോഴിക്കോട്ടെ ലോഡ്‌ജിൽ താമസിച്ചിരുന്ന മലപ്പുറം സ്വദേശി ബഷീറിന്‍റെ ഫോണും എടിഎം കാർഡുമാണ് നാഗരാജ് തട്ടിയെടുത്തത്. അതിവിദഗ്‌ധമായി എടിഎം പിൻ നമ്പർ മാറ്റി പലപ്പോഴായി അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുകയായിരുന്നു (Stealing Money using ATM Card and Mobile phone). ഇതിന് പുറമേ, എടിഎം കാർഡ് ഉപയോഗിച്ച് സ്വർണാഭരണവും ഓൺലൈനിലൂടെ മൊബൈൽ ഫോണും വാങ്ങി. ഓർഡർ ചെയ്‌ത പുതിയ ഫോൺ കൈപ്പറ്റിയതോടെ ഇയാൾ നാടുവിടുകയുമായിരുന്നു.
ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം വരാതിരിക്കാൻ നാഗരാജ് ബഷീറിന്‍റെ സിം കാർഡ് കസ്റ്റമർ കെയറിലേക്ക് കോള്‍ ഡൈവേർട്ട് ചെയ്‌തതായും പൊലീസ് കണ്ടെത്തി. ഒടുവിൽ ഫോണിന്‍റെ ഐഎംഇഐ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തെലങ്കാനയിലെ മഞ്ചേരിയാലിൽ നിന്ന് പിടികൂടിയത്. സമാനരീതിയിൽ നേരത്തെയും പ്രതി പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. മറ്റ് മൂന്ന് കേസുകളെ കുറിച്ചും ടൗൺ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട് (Thieves taken into custody by police).
ഒല്ലൂരിലെ സീരിയല്‍ മോഷ്‌ടാവ് പിടിയില്‍ : തൃശൂര്‍ ഒല്ലൂര്‍ നിവാസികളുടെ ഉറക്കം കെടുത്തിയ സീരിയല്‍ മോഷ്‌ടാവിനെ ഒടുവില്‍ ഒല്ലൂര്‍ പൊലീസ് കയ്യോടെ പിടികൂടി. ഒല്ലൂര്‍ മേഖലയില്‍ വിവിധയിടങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ ചില്ല് തകര്‍ത്ത് മോഷണം നടത്തുന്ന പെരുവാങ്കുളങ്ങര സ്വദേശി ഐനിക്കൽ വീട്ടിൽ നവീൻ ജോയ് (24) ആണ് അറസ്റ്റിലായത്. ആഴ്ചകളായി ഒല്ലൂർ നിവാസികളുടെ ഉറക്കം കളഞ്ഞ കളളനെയാണ് ഒല്ലൂര്‍ എസ്‌എച്ച്ഒ ബെന്നി ജേക്കബിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
പ്രതി ഇത്തരത്തില്‍ മേഖലയില്‍ പാര്‍ക്ക് ചെയ്‌ത അഞ്ചോളം വാഹനങ്ങളില്‍ നിന്നാണ് മോഷണം നടത്തിയത്. ഒല്ലൂരിലുള്ള സ്ഥാപനത്തിന്‍റെ പാർക്കിങ് ഏരിയയിലും ഒല്ലൂരിലെ സിനിമ തിയേറ്ററിനടുത്തും ലയൺസ് ക്ലബ്ബിനടുത്തും ഒല്ലൂർ പള്ളി ഗ്രൗണ്ടിലും പാർക്ക് ചെയ്‌തിരുന്ന കാറുകളുടെ ചില്ല് തകര്‍ത്തായിരുന്നു മോഷണം. കൂടുതല്‍ മോഷണങ്ങളും രാത്രിയിലായിരുന്നു.
നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും വാഹനങ്ങൾ പരിശോധിച്ചും ദിവസങ്ങളോളം പ്രതിയെ നിരീക്ഷിച്ചും ആണ് പിടികൂടിയത്. പ്രതി വീണ്ടും ഇത്തരത്തില്‍ മോഷണം നടത്താൻ ഒല്ലൂരിൽ എത്തിയപ്പോള്‍ കൈയോടെ പിടികൂടുകയായിരുന്നു. മണ്ണുത്തി, ഒല്ലൂർ, കൊടകര, പുതുക്കാട് എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ ബൈക്ക് മോഷണം, എടിഎം കവർച്ച, ക്ഷേത്ര കവർച്ച തുടങ്ങി നാല് കേസുകൾ നിലവിലുണ്ട്. എസ്ഐ ഫയാസ്, പോൾസണ്‍, സീനിയർ സിപിഒ ഉല്ലാസ്, സിപിഒമാരായ അഭീഷ് ആന്‍റണി, അനീഷ്, അഷർ, ശ്യാം ചെമ്പകം എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.