കോഴിക്കോട്: ദിവസങ്ങളോളം വെള്ളത്തിൽ കിടന്ന് ജീർണിച്ച മൃതദേഹങ്ങൾ...ആരുമറിയാതെ മുറിയിൽ തൂങ്ങി മരിച്ച ശേഷം പുഴുവരിച്ച നിലയിലുള്ള ദേഹങ്ങൾ...റോഡിൽ ചതഞ്ഞരഞ്ഞു പോയ ജീവനുകൾ... ആരും നോക്കാന്‍ പോലും മടിക്കുന്ന മൃതദേഹങ്ങള്‍...ഇത്തരം കാഴ്ചകള്‍ കോഴിക്കോട് നഗരത്തിലെവിടെയെങ്കിലും കണ്ടാല്‍ ആദ്യം പൊലീസിന്‍റെ ഫോണ്‍ കോളുകള്‍ വരുന്നത് ഒളവണ്ണ നാഗത്തുംപാടം സ്വദേശി മഠത്തിൽ അബ്ദുള്‍ അസീസിന്‍റെ ഫോണിലേക്കാണ്.
ഈ മനുഷ്യന്‍ ഇല്ലാതെ ഇന്‍ക്വസ്റ്റ് നടപടി പോലും അസാധ്യമാണ്. എത്ര ദിവസം പഴകിയതായാലും വികൃതമായതാണെങ്കിലും ദുർഗന്ധം വമിച്ചാലും മരണ ശേഷമുള്ള ശരീരത്തിന് നൽകേണ്ട സർവ ആദരവോടും കൂടി മൂക്ക് പൊത്തുക പോലും ചെയ്യാതെ കൈയ്യിൽ താങ്ങിയെടുത്ത് മൃതദേഹങ്ങൾ അസീസ് കരയ്‌ക്കെത്തിക്കും.
ദുരൂഹതകൾ മാത്രം ബാക്കിയാക്കി ജീവന്‍ പോകുന്ന ശരീരത്തിന് നൽകേണ്ട മരണാനന്തര ക്രിയകൾ ചെയ്യുന്നതാണ് ജീവിതത്തിന്റെ പരമപുണ്യമായ പ്രവർത്തനമെന്നാണ് അസീസ് തന്‍റെ പ്രവര്‍ത്തിയെക്കുറിച്ച് പറയുന്നത്. പുഴയിലും കായലിലും കിണറ്റിലുമുള്ള മൃതദേഹങ്ങൾ കരയ്ക്കെത്തിക്കാൻ അസീസ് ആരുടെയും സഹായം തേടാറില്ല. മറ്റൊരർഥത്തിൽ പറഞ്ഞാൽ ആരും അസീസിനെ സഹായിക്കാൻ മുന്നിട്ടിറങ്ങാറുമില്ല. പാതിരാത്രി ആയാലും പുലർച്ചെ ആയാലും അസീസിനെ തേടി ആവശ്യക്കാർ എത്തിയാൽ സമയം നോക്കാതെ അവർക്കൊപ്പം അസീസ് മൃതശരീരത്തിന്റെ ശാന്തിക്കായി ഇറങ്ങിപ്പോകും. തന്‍റെ പതിനേഴാം വയസിൽ ജോലി സ്ഥലത്തിന് സമീപത്തുള്ള പുഴയിൽ നിന്ന് പിഞ്ചു കുട്ടിയെ കരയ്ക്കെത്തിച്ച അന്ന് മുതൽ തുടങ്ങിയ പ്രയാണമാണ് അസീസിന്റേത്. അന്ന് കുട്ടിയെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്നു ലഭിച്ച ആദരവാണ് തന്റെ പുണ്യ പ്രവൃത്തിയുടെ ആഴം മനസിലാക്കി തന്നതെന്ന് 54-ാം വയസിൽ അസീസ് ഓർത്തെടുക്കുന്നു. 37 വർഷത്തിനിടെ അസീസ് 3,117 മൃതദേഹങ്ങളാണ് താങ്ങിയെടുത്തിട്ടുള്ളത്. ദുരന്തമുഖങ്ങളിൽ ഓടിയെത്തുന്നത് വേറെയും.
അന്യനെ സഹായിക്കുന്നത് പുണ്യമായി കാണുന്ന അബ്ദുൾ അസീസ് ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡ് അംഗമാണ്. കൃത്യമായ രാഷ്ട്രീയം മനസിലുണ്ടെങ്കിലും ജോലിയിൽ ഏർപ്പെടുമ്പോൾ രാഷ്ട്രീയവും ജാതിയും മതവും ഒരു പ്രശ്നമേ ആവാറില്ല. കേരളത്തെ ഞെട്ടിച്ച കടലുണ്ടി ട്രെയിൻ അപകടം, പൂക്കിപ്പറമ്പ് ബസ് അപകടം, ഓഖി, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്ത ബാധിത പ്രദേശങ്ങളിലെല്ലാം മൃതദേഹം താങ്ങിയെടുക്കാൻ അസീസ് എത്തിയിട്ടുണ്ട്. ഒരു ചായ പോലും പ്രതിഫലം പറ്റാതെ.