കോഴിക്കോട്: ഗോവിന്ദപുരം പാര്‍ഥസാരഥി ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. കേസില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസിനാണ് അന്വേഷണ ചുമതല.
ഒക്‌ടോബര്‍ എട്ട് പുലര്‍ച്ചെ ഒന്നരയ്‌ക്കും നാല് മണിക്കും ഇടയിലാണ് കോഴിക്കോട് പാര്‍ഥസാരഥി ക്ഷേത്രത്തില്‍ മോഷണം നടന്നത്. ഹെല്‍മറ്റ് ധരിച്ചെത്തിയ മോഷ്‌ടാവ് ക്ഷേത്രത്തിന്‍റെ വടക്ക് ഭാഗത്തെ പൂട്ട് പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച ഇയാള്‍ ആറ് ഭണ്ഡാരങ്ങളില്‍ നിന്ന് 50,000 രൂപ കവര്‍ന്നെന്നാണ് നിഗമനം.
പുലര്‍ച്ചെ മൂന്നേമുക്കാല്‍ വരെ മോഷ്‌ടാവ് ക്ഷേത്രപരിസരത്തുണ്ടായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. നാലരയ്‌ക്ക് നട തുറക്കാനെത്തിയ ക്ഷേത്രം ജീവനക്കാരനാണ് മോഷണവിവരം പൊലീസില്‍ അറിയിച്ചത്. പിന്നാലെ തന്നെ പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
നവരാത്രിയോടനുബന്ധിച്ച് ധാരാളം ഭക്തര്‍ ക്ഷേത്രത്തിലെത്തിയിരുന്നതിനാല്‍ കൃത്യം എത്ര രൂപ മോഷണം പോയെന്ന് പറയാനാകില്ലെന്ന് ക്ഷേത്രം കമ്മിറ്റി പ്രസിഡന്‍റ് വിശ്വനാഥന്‍ പറഞ്ഞു. അഞ്ച് വര്‍ഷം മുന്‍പും ക്ഷേത്രത്തില്‍ സമാനമായ രീതിയില്‍ മോഷണം നടന്നിട്ടുണ്ട്.