കോഴിക്കോട്: ജില്ലയിലെ നഗരപാത നവീകരണത്തിന്‍റെ രണ്ടാംഘട്ടത്തിനുള്ള സർവേ ജൂണിൽ ആരംഭിക്കും. 35 കിലോമീറ്റർ നീളത്തിലാണ് റോഡ് നവീകരണം. സംസ്ഥാന സർക്കാർ കേരള റോഡ് ഫണ്ട് ബോർഡ് മുഖാന്തരം നടപ്പിലാക്കുന്ന പദ്ധതിയുടെ ഡിപിആർ (ഡീറ്റെയിൽസ്ഡ് പ്രോജക്ട് റിപ്പോർട്ട്) തയ്യാറാക്കുന്നതിന്‍റെ ഭാഗമായാണ് സർവേ നടത്തുന്നത്.
രണ്ടാംഘട്ടത്തിൽ 10 റോഡും ഒരു മേൽപ്പാലവും ആണ് അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുന്നത്. ഇതിൽ മൂന്നെണ്ണത്തിന്‍റെ ഡിപിആർ ആദ്യഘട്ടത്തിലെ റോഡുകൾക്ക് ഒപ്പം തയ്യാറാക്കിയിരുന്നു. റോഡുകളുടെ വീതി, സമീപത്തെ സ്ഥല വിവരങ്ങൾ തുടങ്ങിയവയാണ് സർവേയിൽ എടുക്കുക. തുടർന്ന് മൂന്നു മാസത്തിനകം ഡിപിആർ തയ്യാറാക്കി പിഡബ്ല്യുഡി റോഡ് ഫണ്ട് ബോർഡിന് കൈമാറും. സർക്കാർ അനുമതി ലഭിച്ചാലുടൻ ഭൂമി ഏറ്റെടുക്കാൻ നടപടി ആരംഭിക്കും.
പൊതുമരാമത്ത് വിഭാഗം തയ്യാറാക്കുന്ന ഡി പി ആറിനായി എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയാണ് സർവേ നടത്തുക. ഇതു സംബന്ധിച്ച ധാരണാപത്രം ഒരാഴ്ചയ്ക്കകം ഒപ്പുവെക്കും. കഴിഞ്ഞ ഏപ്രിൽ മാസം ഡിപിആർ തയ്യാറാക്കാനാണ് പിഡബ്ല്യുഡി തീരുമാനിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതോടെ കരാർ നൽകുന്നത് നീട്ടുകയായിരുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ പൂർത്തീകരിച്ച ആറ് റോഡുകളിലേതുപോലെ ഇൻറർലോക്ക് വിരിച്ച നടപ്പാത, ഇരുമ്പു കൈവരികൾ, സിഗ്നൽ, പുൽത്തകിടി തുടങ്ങിയെല്ലാം രണ്ടാം ഘട്ടത്തിലും ഉണ്ടാകും. മേൽപ്പാലത്തിൽ നടപ്പാത, വിളക്കുകൾ തുടങ്ങിയവയും ഉൾപ്പെടുത്തും. മാനാഞ്ചിറ- പാവങ്ങാട് റോഡ് നാലുവരി ആയാണ് നവീകരിക്കുക. ബാക്കി ഒമ്പത് റോഡുകൾ രണ്ടു വരിയാണ്.