കോഴിക്കോട്: കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് കൂളിമാട് കടവിൽ നിർമിക്കുന്ന പാലത്തിന്റെ പുതുക്കിയ ഡിസൈൻ സമർപ്പിക്കും. കരട് ഡിസൈൻ കിഫ്ബി എൻജിനീയർമാർ പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നു. ഇതിൽവേണ്ട ഭേദഗതി വരുത്തി പൊതുമരാമത്ത് ഉദ്യോഗസ്ഥർ കിഫ്ബിക്ക് തിരിച്ചുനൽകും. പുതുക്കിയ ഡിസൈനും എസ്റ്റിമേറ്റും സർക്കാർ അംഗീകരിക്കുന്നതോടെ നിർമാണം പുനഃരാരംഭിക്കാനാവും.
ഡിസൈൻ പുതുക്കേണ്ടതിനാൽ നിർമാണപ്രവൃത്തി തൽക്കാലം നിർത്തിവെച്ചിരിക്കുകയാണ്. പ്രളയജലനിരപ്പ് പരിഗണിച്ചാണ് ഡിസൈനിൽ മാറ്റം വരുത്തുന്നത്. ജലനിരപ്പ് ഉയർന്നാലും ചാലിയാറിൽ ഒഴുക്കിന് തടസമുണ്ടാകാതിരിക്കാൻ കൂളിമാട് ഭാഗത്ത് മാറ്റം വരും. ഉയരത്തിലും മാറ്റമുണ്ടാകും. കൂളിമാട് ഭാഗത്ത് പാലത്തിന് നീളം കൂട്ടിയും അപ്രോച്ച് റോഡിന്റെ നീളം കുറച്ചുമാണ് കരട് ഡിസൈൻ. ഈ ഭാഗത്ത് കരഭാഗത്തേക്ക് രണ്ട് സ്പാനുകളും രണ്ട് തൂണും കൂടുതൽ വരും. മപ്രം ഭാഗത്ത് നിലവിൽ പുഴയുടെ തീരം കൂടുതൽ ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ഇവിടെ കാര്യമായ മാറ്റം ഉണ്ടാകില്ല. സ്പാനൂം തൂണും കൂടുന്നതോടെ എസ്റ്റിമേറ്റ് തുകയിലും വർധനവുണ്ടാകും. ഇതിന്‍റെ അംഗീകാരം സർക്കാരിൽനിന്ന് ലഭിക്കേണ്ടതുണ്ട്.