കോഴിക്കോട്: കൊയിലാണ്ടി നഗരസഭ പരിധിയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. നഗരസഭയിലെ 38, 39 വാർഡുകളിൽ ഇന്ന് നടത്തിയ ആൻ്റിജൻ പരിശോധനയിൽ ഏഴ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു കുടുംബത്തിലെ അഞ്ച് പേർക്കും രണ്ട് ഓട്ടോ ഡ്രൈവർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 180 പേർക്കാണ് ടെസ്റ്റ് നടത്തിയത്. കഴിഞ്ഞ ദിവസം കൊയിലാണ്ടി എം.എം ഹോസ്പിറ്റിലിൽ ചികിത്സ തേടിയെത്തിയ 39-ാം വാർഡിലെ സ്ത്രീക്കും 38-ാം വാർഡിലെ അഞ്ച് പേർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട ഓട്ടോറിക്ഷ തൊഴിലാളികൾ ഉൾപ്പെടെ ഇന്ന് 180 പേർക്കാണ് ആൻ്റിജൻ ടെസ്റ്റ് നടത്തിയത്.
തുടർന്നാണ് ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇതോടെ നഗരസഭ പരിധിയിലെ രോഗികളുടെ എണ്ണം 22 ആയി. നിലവിലെ സാഹചര്യത്തിൽ സമ്പർക്ക പട്ടിക തയ്യാറാക്കുന്നത് ദുഷ്കരമാകുകയാണ്. ഓട്ടോറിക്ഷ തൊഴിലാളികളുടെ സമ്പർക്കം അതിസങ്കീർണ്ണമാകുമെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന സൂചന. രോഗവ്യാപനം കൂടിയതോടെ നഗരസഭയിലെ എല്ലാ വാർഡുകളും കണ്ടെയ്‌ൻമെന്‍റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.