കോഴിക്കോട് : താമരശേരിയില്‍ വനംവകുപ്പ് ഓഫിസ് ആക്രമിച്ച കേസിൽ ഇനി പുതുതായി സാക്ഷി വിസ്‌താരം അനുവദിക്കരുതെന്ന് പ്രതിഭാഗം. കേസുമായി സഹകരിക്കാതിരുന്ന മൂന്ന് സാക്ഷികളെ വിസ്‌തരിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകിയതിനെ തുടര്‍ന്നാണ് പ്രതിഭാഗം രംഗത്തെത്തിയത്. മുഴുവൻ സാക്ഷികളെയും വിസ്‌തരിക്കാൻ ആവശ്യമായ സമയം പ്രോസിക്യൂഷന് ഉണ്ടായിരുന്നെന്നും ഇനി പുതുതായി ആരെയും അനുവദിക്കരുതെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം.
കേസിലെ നിർണായക സാക്ഷികൾ കൂടി കൂറുമാറിയ സാഹചര്യത്തിലാണ് അന്നത്തെ താമരശേരി ഫോറസ്‌റ്റ് റേഞ്ച് ഓഫിസർ ടി.എസ് സജു, ബീറ്റ് ഫോറസ്‌റ്റ് ഓഫിസർ സുബ്രഹ്മണ്യൻ, സിവിൽ പൊലീസ് ഓഫിസർ സുരേഷ് എന്നിവരെ വിസ്‌തരിക്കണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചത്. ഇക്കാര്യത്തിൽ ഈ മാസം 13 ന് കോഴിക്കോട് സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയും. അതേസമയം 2013 നവംബർ 15ന് കസ്‌തൂരിരംഗൻ വിഷയത്തിൽ നടന്ന ഹർത്താലിനിടെയാണ് വനം വകുപ്പ് ഓഫിസ് ആക്രമിക്കപ്പെട്ടത്. മലയോര മേഖല അതിന് മുമ്പ് കാണാത്ത രീതിയിലുളള അഴിഞ്ഞാട്ടമായിരുന്നു പട്ടാപ്പകല്‍ അരങ്ങേറിയത്.
മലയോര മേഖലകളില്‍ നിന്ന് ടിപ്പറുകളിലും ചെറു ലോറികളിലുമായെത്തിയ ആള്‍ക്കൂട്ടം താമരശേരി വനം വകുപ്പ് ഓഫിസ് ആക്രമിക്കുകയും ഫയലുകള്‍ തീയിട്ട് നശിപ്പിക്കുകയുമായിരുന്നു. വനം വകുപ്പ് ജീവനക്കാരെ ആക്രമിച്ച സംഘം കെഎസ്ആര്‍ടിസി ബസും മാധ്യമങ്ങളുടെ വാഹനങ്ങളും ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ തല്ലിത്തകര്‍ത്തിരുന്നു. മണിക്കൂറുകളോളമാണ് പ്രദേശത്ത് ഭീകരാന്തരീക്ഷം നിലനിന്നത്. സംഭവത്തെ തുടര്‍ന്ന് ലോക്കല്‍ പൊലീസ് തുടക്കമിട്ട അന്വേഷണം പിന്നീട് ജില്ല ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. അക്രമികളുടെ ദൃശ്യങ്ങളും ഇവര്‍ എത്തിയ വാഹനങ്ങളും ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളുമടക്കം നിര്‍ണായക തെളിവുകളെല്ലാം അന്വേഷണ സംഘം അന്ന് ശേഖരിച്ചിരുന്നു.
ഇതുപ്രകാരം നൂറുകണക്കിന് ആളുകള്‍ അക്രമത്തിലുണ്ടായിരുന്നെങ്കിലും കൃത്യമായ തെളിവുകളോടെ 35 പേരെയാണ് സംഭവത്തില്‍ പ്രതി ചേര്‍ത്തത്. സംഭവം നേരിട്ടുകണ്ടവരെയും പ്രതികളെ പിടികൂടിയ ഉദ്യോഗസ്ഥരടക്കമുളളവരെയും സാക്ഷികളാക്കി. ഇതുവഴി കേസിന് ബലം പകരാമെന്നായിരുന്നു അന്വേഷണം നടത്തിയ ജില്ല ക്രൈംബ്രാഞ്ചിന്‍റെ പ്രതീക്ഷ. എന്നാല്‍ ഏറ്റവും നിര്‍ണായക സാക്ഷികളാണ് നിലവില്‍ കൂറുമാറിയിരിക്കുന്നത്.