കോഴിക്കോട്: കോഴിക്കോടിന്‍റെയും സാമൂതിരിയുടെയും കഥ പറയുന്ന തളിക്ഷേത്രവും പരിസരവും പഴയ പ്രൗഢി വീണ്ടെടുക്കുന്നു. പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി നടക്കുന്ന നവീകരണ പ്രവർത്തികൾ അവസാനഘട്ടത്തില്‍. ജൂലൈയില്‍ ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.
ചരിത്രമുറങ്ങുന്ന തളിക്ഷേത്രം
കോഴിക്കോടിന്‍റെ പൈതൃകത്തിന്‍റേയും സംസ്‌കാരത്തിന്‍റേയും ഭാഗമായ തളിക്ഷേത്രത്തിന്‍റെ സംരക്ഷണവും നവീകരണവുമാണ് തളി ടൂറിസം പദ്ധതി വഴി ലക്ഷ്യമിടുന്നത്. ക്ഷേത്രക്കുളത്തിന്‍റെ കരയിൽ ദൃശ്യചാരുതയേകിയുള്ള എട്ടോളം ശിൽപങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്.
കുന്ദമംഗലം സ്വദേശി നിബിൻരാജ്, അത്തോളി സ്വദേശി ഷിജീഷ്.കെ എന്നിവരുടെ നേതൃത്വത്തിലാണ് ശിൽപ്പ നിർമാണം. സാമൂതിരി കാലഘട്ടത്തിന്‍റെ ചരിത്രം പേറുന്ന തളിക്ഷേത്രക്കുളവും ചുറ്റുമതിലും രണ്ടുകോടി രൂപ ചെലവിലാണ് നവീകരിക്കുന്നത്. ഇതോടൊപ്പം ഒരു ചരിത്ര മ്യൂസിയവും ക്ഷേത്രത്തിലെ ആല്‍ത്തറയ്ക്കു സമീപം ഒരുക്കുന്നുണ്ട്.
ALSO READ: സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം നാളെ പുനരാരംഭിക്കും
സാമൂതിരിയുടെ അരിയിട്ടുവാഴ്‌ച, രേവതി പട്ടത്താനം, മാമാങ്കം, ബ്രാഹ്മണസദ്യ, കൃഷ്‌ണനാട്ടം തുടങ്ങി എട്ടു വിഷയങ്ങള്‍ നിറയുന്ന ചുമരുകള്‍ക്ക് പിന്നില്‍ ചെറുവിവരണങ്ങളും ഉള്‍പ്പെടുത്തും. സ്റ്റേജും അതിനോടു ചേര്‍ന്ന് എല്‍ഇഡി ചുമരും ശബ്‌ദ-വെളിച്ച സംവിധാനവും ഒരുക്കും. ആല്‍ത്തറ, കുളക്കടവ്, കുളപ്പുര, ആറാട്ട്കടവ് എന്നിവയും നവീകരിക്കും.