കോഴിക്കോട്: വിദേശ പ്രതിനിധികൾക്കായി കോഴിക്കോട് ഐഐഎമ്മിൽ നടത്തുന്ന ‘ഇമ്മേഴ്‌സിങ് വിത്ത് ഇന്ത്യൻ തോട്ട്സ്’ എന്ന നാല് ദിവസത്തെ കോഴ്‌സിൽ പങ്കെടുക്കുന്നവരിൽ അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്‍റെ പ്രതിനിധികളും. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റെ വഴി കോഴ്‌സ് സംഘടിപ്പിക്കുന്നത്. ചൊവ്വാഴ്ച ആരംഭിച്ച ഓൺലൈൻ കോഴ്‌സിലേക്ക് ഇന്ത്യൻ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോ-ഓപ്പറേഷൻ പ്രോഗ്രാമിൽ പങ്കാളികളായ എല്ലാ രാജ്യങ്ങളെയും ക്ഷണിച്ചിട്ടുണ്ട്.
ഇന്ത്യയുടെ സാമ്പത്തിക സാഹചര്യം, സാംസ്കാരിക പൈതൃകം, സാമൂഹികവും ചരിത്രപരവുമായ പശ്ചാത്തലം തുടങ്ങിയവ സംബന്ധിച്ച് പഠിക്കാനുള്ള അവസരം പങ്കെടുക്കുന്നവർക്ക് ഉണ്ടാകും. ഓൺലൈൻ കോഴ്‌സ് മാർച്ച് 17ന് സമാപിക്കും.
സർക്കാർ ഉദ്യോഗസ്ഥർ, ബിസിനസുകാർ, സംരംഭകർ എന്നിവർ ഉൾപ്പെടെ പരമാവധി 30 പേരാണ് പങ്കെടുക്കുന്നതെന്നാണ് വിവരം.
ഓൺലൈനിൽ ആയതിനാൽ കാബൂളിൽ നിന്നുള്ള നിരവധി പ്രതിനിധികൾ പങ്കെടുക്കും. അഫ്ഗാനിസ്ഥാന് പുറമെ മറ്റ് പല രാജ്യങ്ങളിൽ നിന്നും പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ഇന്ത്യൻ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോ-ഓപ്പറേഷൻ പ്രോഗ്രാമിലെ എല്ലാ അംഗങ്ങൾക്കും പങ്കെടുക്കാം. മറ്റ് രാജ്യങ്ങൾക്ക് ഇന്ത്യയെക്കുറിച്ച് കൂടുതലറിയാൻ സഹായിക്കുന്നതാണ് കോഴ്‌സിന്‍റെ ഉള്ളടക്കം. അഫ്ഗാനിസ്താൻ താലിബാൻ ഏറ്റെടുത്തതിന് ശേഷം 2022 ജൂലായിൽ കാബൂളിൽ ഇന്ത്യൻ എംബസി വീണ്ടും തുറന്നിരുന്നു.
ALSO READ: ബ്രഹ്മപുരം തീപിടിത്തം: കൊച്ചി കോര്‍പ്പറേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം