കോഴിക്കോട്: തെരഞ്ഞെടുപ്പ് ജയിക്കാനും രാഷ്‌ട്രീയ നേതാക്കളെ അപമാനിക്കാനും ഏതറ്റം വരെയും ഇടതുപക്ഷ ഭരണകൂടം പോകുമെന്നതിന്‍റെ നേർ സാക്ഷ്യമാണ് സോളാർ കേസെന്ന് കെപിസിസി വർക്കിങ് പ്രസിഡന്‍റ് അഡ്വ. ടി സിദ്ദിഖ്. സോളാർ കേസിൽ രാഷ്ട്രീയ- നിയമ- ഭരണ പോരാട്ടം നടത്തിയ ഇടതു സർക്കാർ ഉമ്മൻ ചാണ്ടിയോടും ജനങ്ങളോടും മാപ്പ് പറയണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു.
നിരവധി വഞ്ചന കേസുകളിൽ പ്രതിയായ വ്യക്തിയുടെ പരാതി വേണ്ടത്ര അന്വേഷിക്കാതെയാണ് സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്‌തത്. ഇത് എന്തുകൊണ്ടാണെന്ന് ഇടതു സർക്കാർ വ്യക്തമാക്കണം. ഉമ്മൻ ചാണ്ടിക്ക് കിട്ടിയ യുഎൻ സിവിൽ സർവീസ് അവാർഡ് സോളാർ കേസ് പറഞ്ഞ് തിരിച്ച് വാങ്ങിപ്പിക്കാൻ സിപിഎം അന്താരാഷ്ട്ര ഗൂഡാലോചന നടത്തിയെന്നും സിദ്ദിഖ് ആരോപിച്ചു.
അതേസമയം കോണ്‍ഗ്രസ് ഹിന്ദുക്കളിൽ നിന്ന് അകന്നിട്ടില്ലെന്നും ഭൂരിഭാഗം നേതാക്കളും ഹിന്ദുക്കളാണെന്നും എഐസിസി ന്യൂനപക്ഷ വിഭാഗം ചെയർമാർ ഇമ്രാൻ പ്രതാപഗർഹി പറഞ്ഞു. എകെ ആന്‍റണിയുടെ മൃദുഹിന്ദുത്വ സമീപനത്തെ സ്വാഗതം ചെയ്യുന്നു.
കോണ്‍ഗ്രസ് ഒരു സമുദായത്തെയും അതിരു വിട്ട് പ്രീണിപ്പിക്കുകയോ അകറ്റി നിർത്തുകയോ ചെയ്യുന്നില്ല. ഹിമാചലിൽ ഭൂരിപക്ഷ സമുദായത്തിനാണ് സ്വാധീനം. അവിടെ കോണ്‍ഗ്രസിന് സർക്കാർ രൂപീകരിക്കാൻ സാധിച്ചുവെന്നും ഇമ്രാൻ പ്രതാപഗർഹി കൂട്ടിച്ചേർത്തു.