കോഴിക്കോട് : അടിമുടി ക്വട്ടേഷൻ വൽക്കരണം നടന്നിട്ടുള്ള പാർട്ടിയാണ് കേരളത്തിലെ സി.പി.എമ്മെന്ന് ടി. സിദ്ദിഖ് എംഎൽഎ. സി.പി.എമ്മും ക്വട്ടേഷൻ സംഘങ്ങളും തമ്മിൽ വഴി പിരിയാനാവാത്ത ബന്ധമാണുള്ളത്.
അർജുൻ ആയങ്കിയുടെയും ആകാശ് തില്ലങ്കരിയുടെയും ഫേസ്ബുക്ക് പോസ്റ്റുകൾ കൂടുതൽ അന്വേഷണത്തിന് വിധേയമാക്കണം. പാർട്ടി നേതൃത്വം ക്വട്ടേഷൻ സംഘങ്ങളെ തള്ളി പറഞ്ഞുകൊണ്ട് രംഗത്ത് വരുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. സി.പി.എമ്മും ക്വട്ടേഷൻ സംഘങ്ങളും തമ്മിൽ വേർപിരിയാൻ പറ്റാത്ത ബന്ധമാണുള്ളതെന്നും സിദ്ദിഖ് ആരോപിച്ചു.
ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കൊലപാതകത്തിന് നേതൃത്വം കൊടുത്തവരുടെ ഭാര്യമാർക്ക് സർക്കാർ ജോലി നൽകി. ഇതിൽ നിന്നും സി.പി.എമ്മിന്‍റെ ക്വട്ടേഷൻ സംഘങ്ങളോടുള്ള ബന്ധം വ്യക്തമാവുകയാണ്. സി.പി.എമ്മും, ബി.ജെ.പിയും തമ്മിൽ വോട്ടുകൾക്കൊപ്പം നോട്ടുകളും പങ്കുവയ്ക്കുന്നുണ്ടെന്നും സിദ്ദിഖ് പറഞ്ഞു.
ALSO READ: വനം കൊള്ള: സംസ്ഥാനത്ത് നടന്നത് 14 കോടിയുടെ അനധികൃത മരംമുറിയെന്ന് ഇന്‍റലിജൻസ്
നിയമസഭ തെരഞ്ഞെടുപ്പിൽ വലിയ തോതിലുള്ള വോട്ട് കച്ചവടം നടന്നിട്ടുണ്ട്. മുട്ടിൽ മരം മുറി കേസിൽ റവന്യൂ വകുപ്പും വനം വകുപ്പും ബോധരഹിതരായിരുന്നു. കർഷകർക്ക് വേണ്ടിയെന്ന് പറയുന്ന സർക്കാർ ഏത് കർഷകർക്ക് വേണ്ടി എന്ന് കൂടി പറയാൻ തയ്യാറാവണം.
കോൺഗ്രസില്‍ യോഗ്യത മാനദണ്ഡമാക്കിയുള്ള പുനസംഘടനയാണ് നടക്കാന്‍ പോകുന്നത്. യോഗ്യത ഉള്ളവരെ പരിഗണിക്കാതെ ഗ്രൂപ്പ് അടിസ്ഥാനത്തിൽ തീരുമാനങ്ങൾ ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.