കോട്ടയം: കെആർ നാരായൺ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്യൽ സയൻസ് ആന്‍ഡ് ആർട്‌സിനെ ദേശീയ തലത്തിൽ മികവിൻ്റെ കേന്ദ്രമാക്കുമെന്ന് പ്രശസ്‌ത ചലച്ചിത്രകാരനും ഇന്‍സ്‌റ്റിറ്റ്യൂഷന്‍ ചെയര്‍മാനുമായ സയ്യിദ് അക്തർ മിർസ. കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാംസ്‌കാരിക നവീകരണത്തിൽ കേരളം മുൻപന്തിയിലാണെന്നും അദ്ദേഹം പറഞ്ഞു. കേരളം ഒരു അനുഭവമാണെന്നും അത് അനുഭവച്ചറിയുക എന്ന ഉദ്ദേശത്തോടുകൂടിയാണ് കെ.ആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ടിലെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിൽ മാത്രമാണ് കച്ചവട, കല സിനിമ എന്ന വേർതിരിവ് ഇല്ലാത്തത്. നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിൽ കേരളം എന്നും മുൻപന്തിയിലാണ്. നിരവധി കാര്യങ്ങളിൽ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. ഉയർന്ന സാക്ഷരത നിരക്ക്, ജനങ്ങളുടെ പുരോഗതി, ലിംഗ സമത്വം, കുറഞ്ഞ പട്ടിണി നിരക്ക്, സാമൂഹിക ഐക്യം, മതസൗഹാർദം തുടങ്ങിയ കാര്യങ്ങളിൽ സംസ്ഥാനം ഏറെ മുന്നിലാണെന്നും സയ്യിദ് മിർസ പറഞ്ഞു.
അടുത്തിടെയാണ് കെ.ആർ നാരായൺ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിന്‍റെ പുതിയ ചെയർമാനായി അദ്ദേഹം നിയമിതനായത്. അടൂർ ഗോപാലകൃഷ്‌ണൻ രാജിവച്ച ഒഴിവിലാണ് സയ്യിദ് മിര്‍സ നിയമിതനായത്. അടൂർ ഗോപാലകൃഷ്‌ണന്‍റെ ആരാധകനാണ് താനെന്നും, അദ്ദേഹം തന്‍റെ ഉറ്റ സുഹൃത്താണെന്നും സയ്യിദ് അഖ്‌തർ മിർസ നേരത്തെ പ്രതികരിച്ചിരുന്നു.
കോട്ടയത്തെ കെആർ നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ, ജാതി വിവേചനം കാണിച്ചുവെന്നാരോപിച്ച് വിദ്യാർഥികൾ സമരം തുടരുന്നതിനിടെയായിരുന്നു, ഇന്‍സ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടര്‍ സ്ഥാനത്ത് നിന്നും ശങ്കർ മോഹനും ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്‌ണനും രാജി വച്ചത്.
രണ്ടുതവണ ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള വ്യക്തിയാണ് സയ്യിദ് അക്തര്‍ മിർസ. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ മുൻ ചെയർമാന്‍ കൂടിയായിരുന്നു അദ്ദേഹം.
Also Read: സയ്യിദ് അഖ്‌തര്‍ മിര്‍സ കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍