കോഴിക്കോട്: സപ്ലൈകോയുടെ ജില്ലാതല ഓണം ഫെയർ കോഴിക്കോട് മാനാഞ്ചിറ ഗവൺമെന്‍റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ചു. സംസ്ഥാനത്തെ 14 ജില്ലാ ആസ്ഥാനങ്ങളിലാണ് ഓണം ഫെയർ ആരംഭിച്ചത്. ഓണക്കാലത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനാണ് എല്ലാ വർഷവും സപ്ലൈകോ ഓണം ജില്ലാ ഫെയർ സംഘടിപ്പിക്കുന്നത്.
കൊവിഡ് പശ്ചാത്തലത്തിൽ സപ്ലൈകോ മെട്രോ ഫെയറുകൾ ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നു. എന്നാൽ സ്ഥിരമായി ഓണത്തോടനുബന്ധിച്ച് നടത്തുന്ന ചന്തകൾ ഇത്തവണ ഒഴിവാക്കേണ്ടി വന്നതിനെ തുടർന്നാണ് ഫെയർ സംഘടിപ്പിച്ചത്. പലവ്യഞ്ജനത്തിൽ 14 എണ്ണത്തിന് സബ്‌സിഡി ഉണ്ട്. സബ്‌സിഡി ലഭിക്കാൻ റേഷൻ കാർഡ് കൊണ്ടുവരണം. സപ്ലൈകോയുടെ സ്റ്റേഷനറി സാധനങ്ങളും മേളയിലുണ്ട്. മിൽമ സ്റ്റാൾ, ഹോർട്ടി കോർപ്പിന്‍റെ പച്ചക്കറി സ്റ്റാൾ, കയർഫെഡ് സ്റ്റാൾ, കുടുംബശ്രീ ഉൽപന്നങ്ങൾ വിൽക്കുന്ന സ്റ്റാൾ എന്നിവയുമുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് ഫെയർ പ്രവർത്തിക്കുന്നത്. രാവിലെ പത്ത് മുതൽ വൈകിട്ട് ആറ് വരെ മേള ഉണ്ടാകും.