കോഴിക്കോട് : ചാത്തമംഗലം എംഇഎസ് കോളജിലെ റാഗിങ് സംഭവത്തില്‍ ഏഴ് വിദ്യാർഥികളെ പുറത്താക്കി മാനേജ്മെൻ്റ്. കുറ്റം ചെയ്‌ത വിദ്യാർഥികളേയും സംഭവവുമായി ബാഹ്യ ബന്ധമുള്ള കുട്ടിയെയും ഉൾപ്പെടുത്തിയാണ് നടപടി. നേരിട്ട് ബന്ധമുള്ള ആറ് വിദ്യാർഥികളെയാണ് നേരത്തെ സസ്‌പെന്‍ഡ് ചെയ്‌തത്. ഈ നടപടിയാണ്, ഒരു വിദ്യാര്‍ഥിയെക്കൂടി ചേര്‍ത്ത് പുറത്താക്കലാക്കിയിരിക്കുന്നത്.
റാഗിങ്ങിൽ എംഇഎസ് ആർട്‌സ് ആൻഡ് സയൻസസിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥി പുല്ലാളൂര്‍ സ്വദേശി മുഹമ്മദ് മിധുലാജിനാണ് സാരമായി പരിക്കേറ്റത്. മുഖത്തും മുതുകിലും പരിക്കേറ്റ മിധുലാജ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജൂലൈ 19നാണ് ഒരു സംഘം സീനിയർ വിദ്യാർഥികൾ ക്രൂരമായി മിധുലാജിനെ മർദിച്ചത്. 20 ഓളം വിദ്യാർഥികൾ ചേർന്നാണ് തന്‍റെ മകനെ റാഗിങ്ങിന് വിധേയനാക്കിയതെന്ന് മിധുലാജിന്‍റെ പിതാവ് പരാതിപ്പെട്ടിരുന്നു.
ആക്രമണം നടത്തുന്നതിന് മുമ്പ് സംഘം ഇയാളുടെ വസ്‌ത്രധാരണവും ഹെയർ സ്റ്റൈലും ചോദ്യം ചെയ്‌തതായി പരാതിയിൽ പറയുന്നു. റാഗിങ് നടന്നതിന്‍റെ തൊട്ടടുത്ത ദിവസം കോളജ് കൗൺസിലിന്‍റെയും ആന്‍റി റാഗിങ് സെല്ലിന്‍റെയും സംയുക്ത യോഗത്തിന് പിന്നാലെയാണ് അടിയന്തര നടപടിയായി ആറ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്‌തത്. മിധുലാജിന്‍റെ കണ്ണിനേറ്റ ഗുരുതര പരിക്ക് കാരണം കാഴ്‌ചയ്‌ക്ക് പ്രശ്‌നമുണ്ടായിട്ടുണ്ട്.
കൂടാതെ മൂക്കിന്‍റെ എല്ലിനും ക്ഷതമേറ്റിട്ടുണ്ട്. പിതാവിൻ്റെ പരാതിയിൽ കുന്നമംഗലം പൊലീസെടുത്ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഈ സംഭവത്തിന് മുൻപും മിധിലാജിനെ സീനിയർ വിദ്യാർഥികൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ശേഷം രണ്ടാം തവണയാണ് ഇപ്പോൾ റാഗിങ് നടത്തിയത്. കോളജിലെ വേറെയും വിദ്യാർഥികൾക്ക് ഇത്തരത്തിൽ സീനിയർ വിദ്യാർഥികളുടെ റാഗിങിൽ പരിക്കേറ്റിട്ടുണ്ട്.
ഐഎച്ച്‌ആർഡി റാഗിങ് : കഴിഞ്ഞ ഫെബ്രുവരിയിൽ താമരശേരിയിലെ ഐഎച്ച്‌ആർഡി കോളജിലും സമാന സംഭവം നടന്നിരുന്നു. തുടർന്ന് വിദ്യാർഥിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. വിഷയത്തിൽ ജൂനിയർ വിദ്യാർഥികളെ റാഗിങ്ങിനിരയാക്കിയ 15 സീനിയർ വിദ്യാർഥികളെയാണ് കോളജിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്. കോളജിനകത്തുള്ള വിദ്യാർഥികൾക്ക് പുറമെ പുറത്തുനിന്നുള്ളവരും വിഷയത്തിൽ ഇടപെടുകയും സംഘർഷാന്തരീക്ഷം ഉണ്ടാവുകയും ചെയ്‌ത സാഹചര്യത്തിൽ പൊലീസ് ലാത്തിവീശിയാണ് സാഹചര്യം നിയന്ത്രണവിധേയമാക്കിയത്.
also read : 'സാങ്കല്പികമായി ബൈക്ക് ഓടിക്കണം', പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്ത് സീനിയർ വിദ്യാര്‍ഥികള്‍
സാങ്കൽപ്പിക ബൈക്ക് ഓടിക്കാൻ നിർദേശം : കാസർകോട് കഴിഞ്ഞ സെപ്‌റ്റംബറിൽ അംഗടിമുഗൾ ഗവൺമെന്‍റ് ഹയർസെക്കന്‍ററി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്‌തിരുന്നു. ആള്‍ക്കൂട്ടത്തില്‍ വച്ച് സാങ്കല്‍പ്പിക ബൈക്ക് ഓടിക്കാന്‍ നിര്‍ദേശിക്കുന്നതിന്‍റെയും ഇത് വിസമ്മതിച്ച വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തുന്നതിന്‍റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.