കോഴിക്കോട്: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്‍റേഷൻ (State Institute of Organ Transplantation) കോഴിക്കോട് ജില്ലയിൽ സ്ഥാപിക്കുന്നതിന് നടപടികൾ ആരംഭിച്ചതായി (Organ Transplantation in Kozhikode) ആരോഗ്യ മന്ത്രി വീണാ ജോർജ് (Veena George) വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ തീരുമാനമെടുക്കുകയും തുക അനുവദിക്കുകയും ചെയ്‌തു. കുന്ദമംഗലം നിയോജകമണ്ഡലം നവ കേരള സദസിനെ അഭിവാദ്യം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അതിദരിദ്രരെ കണ്ടെത്തി അവർക്കാവശ്യമായ എല്ലാ കരുതലുകളും ഒരുക്കുകയാണ് സർക്കാർ. കേരളത്തിലെ അതിദരിദ്ര വിഭാഗത്തിൽപ്പെടുന്ന 64,000 കുടുംബങ്ങൾക്ക് ആവശ്യമായ രേഖകൾ സർക്കാർ നൽകും. കുടുംബത്തിൽ ഒരാൾക്കെങ്കിലും തൊഴിൽ നൽകുമെന്നും മന്ത്രി പറഞ്ഞു. ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്‍റെ ഭാഗമായി സെക്രട്ടറിയേറ്റിലും ജില്ലാതലത്തിലും കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാനുള്ള വലിയ കർമ്മപദ്ധതിയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയത്.
ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് താലൂക്ക് തല അദാലത്തുകളും മേഖലാതല അവലോകന യോഗങ്ങളും സംഘടിപ്പിച്ചു. കേരളമാകെ വികസന മുരടിപ്പിൽ ആയിരുന്ന കാലത്താണ് 2016 ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായ സർക്കാർ അധികാരത്തിൽ എത്തുന്നത്. അതോടെ കേരളത്തിലെ സർവ മേഖലകളിലും വികസന മുന്നേറ്റങ്ങൾ ദൃശ്യമായതായും മന്ത്രി വീണ ജോർജ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാല് മേഖലകളിലായി ജില്ലകളിലെ വിവിധ വിഷയങ്ങളില്‍ അവലോകനവും പരിശോധനയും ചീഫ് സെക്രട്ടറി മുതല്‍ ജില്ലാ കലക്‌ടര്‍ വരെ പങ്കെടുത്തു നടത്തി. മന്ത്രിമാര്‍ വിഷയങ്ങള്‍ കേള്‍ക്കുകയും എല്ലാ മേഖലയിലുള്ളവരുടെയും പ്രശ്‌നങ്ങള്‍ സ്വീകരിക്കുകയും ചെയ്‌തതായി വേദിയില്‍ വീണ വ്യക്തമാക്കി.
ഹൃദയം മാറ്റി വയ്‌ക്കൽ ശസ്ത്രക്രിയ വിജയകരം: കഴിഞ്ഞ ദിവസമാണ് മസ്‌തിഷ്‌ക മരണം സംഭവിച്ച തമിഴ്‌നാട് കന്യാകുമാരി വിളവിന്‍കോട് സ്വദേശി സെല്‍വിന്‍ ശേഖറിന്‍റെ അവയവങ്ങള്‍ ഹെലികോപ്റ്റർ മാർഗം കൊച്ചിയിലെത്തിച്ചത്. കായംകുളം സ്വദേശി ഹരിനാരായണനില്‍ ഹൃദയം മിടിച്ചു തുടങ്ങി. പല കാരണങ്ങൾ കൊണ്ടും കേരളത്തിലെ അവയവ ദാനം മന്ദീഭവിച്ച സാഹചര്യത്തിലാണ് ഹൃദയം മാറ്റിവെക്കൻ ശസ്ത്രിക വിജയകരമായത്.
45 മിനിറ്റ് കൊണ്ടാണ് തിരുവനന്തപുരത്ത് നിന്ന് ഗ്രാന്‍റ് ഹയാത്തിലെ ഹെലിപ്പാഡിൽ അവയവുമായി ഹെലികോപ്റ്റർ ഇറങ്ങിയത്. തുടർന്ന് അഞ്ച് മിനിറ്റിനകം റോഡ് മാർഗം ഹൃദയം ശസ്ത്രക്രിയ നടത്തുന്ന ലിസി ആശുപത്രിയിലെത്തിച്ചു. കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി ഗ്രീൻ ചാനൽ വഴിയാണ് അവയവങ്ങൾ ആശുപത്രികളിലെത്തിച്ചത്.
അവയവ ദാതാവായ സെൽവിൻ ശേഖറിന്‍റെ ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കുമാണ് നല്‍കിയത്. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ രണ്ട് രോഗികള്‍ക്ക് നല്‍കും. ഇതോടെ ആറു പേർക്ക് ജീവിതം പകുത്ത് നൽകിയാണ് സെൽവിൻ യാത്രയായത്. തമിഴ്‌നാട്ടിലെ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു സെല്‍വിന്‍ ശേഖര്‍.
ALSO READ: പറന്നെത്തിയ ഹൃദയം ഉണര്‍ന്നു, ഹരിനാരായണന്‍ ഹാപ്പിയാണ്; ഹൃദയം മാറ്റി വയ്‌ക്കൽ ശസ്ത്രക്രിയ വിജയകരം
ALSO READ: 'ഹൃദയപൂർവം സെല്‍വിൻ', തമിഴ്‌നാട് സ്വദേശിയുടെ അവയവങ്ങളുമായി എയര്‍ ആംബുലന്‍സ് കൊച്ചിയില്‍