കോഴിക്കോട്: കേരം തിങ്ങും കേരള നാട്ടിൽ നാളികേരത്തിന് വിലയില്ല. കർഷകരുടെ നടുവൊടിച്ച് സംസ്ഥാനത്ത് പച്ചത്തേങ്ങവില കുത്തനെയിടിഞ്ഞു. പൊതുവിപണിയിൽ കിലോയ്‌ക്ക് 23 രൂപയാണ് വില. 45 രൂപ വരെ എത്തിയ വിലയാണ് കുത്തനെയിടിഞ്ഞത്.
വൻ നഷ്‌ടം മൂലം കൂലിച്ചെലവ് പോലും കിട്ടാത്ത അവസ്ഥയിലാണ് കേരകർഷകർ. പൊതുവിപണിയിൽ തൂക്കിയെടുക്കുന്ന തേങ്ങ ഇതര സംസ്ഥാനങ്ങളിലേക്കാണ് കൂടുതലായും പോകുന്നത്. കഴിഞ്ഞ രണ്ട് വർഷം മഴ ധാരാളം ലഭിച്ചതോടെ വിളവ് വർധിച്ചിട്ടുണ്ട്.
ഇതോടെ ഇതര സംസ്ഥാനങ്ങളിലും ആവശ്യക്കാർ കുറഞ്ഞു. നിരവധി പേരുകളിലുള്ള ഇതര സംസ്ഥാന വെളിച്ചെണ്ണയും കേരള വിപണിയിൽ സുലഭമായി. പാം ഓയിലിന് കേന്ദ്രം നികുതി കുറച്ചതും തേങ്ങ വിലയിടിവിന് ആക്കം കൂട്ടി. കർഷകർക്ക് ആശ്വാസമാകുമെന്ന് കരുതിയ സർക്കാരിന്‍റെ പച്ചത്തേങ്ങ സംഭരണവും ഫലത്തില്‍ വന്നില്ല.
കിലോഗ്രാമിന് 32 രൂപയ്‌ക്കാണ് പച്ചത്തേങ്ങ സംഭരിക്കുന്നത്. എന്നാൽ ആകെ ഉൽപാദനത്തിന്‍റെ പത്ത് ശതമാനം പോലും സംഭരിക്കാൻ കഴിയാത്തതോടെ വിപണിയിൽ വില ഇടിയുകയാണ്. കർഷകരെ സഹായിക്കാൻ ഒന്നരക്കോടി ചെലവിട്ട് കേരഫെഡും നാളികേര വികസനബോർഡും ചേർന്നാണ് പച്ചത്തേങ്ങ സംഭരണം തുടങ്ങിയത്.
സഹകരണ സംഘങ്ങൾ വഴിയായിരുന്നു സംഭരണം. നാളികേരം കൊപ്രയാക്കാൻ സഹകരണ സംഘങ്ങൾക്ക് സാധിക്കുന്നില്ല എന്നത് വലിയ തിരിച്ചടിയായി. നാളികേരത്തിന് വിലയിടിവ് തുടരുന്നത് കൊപ്ര വിലയെയും ബാധിച്ചു.
ക്വിന്‍റലിന് 12,000 രൂപ ഉണ്ടായിരുന്ന കൊപ്ര വില ഇന്ന് 8,000 രൂപയാണ്. ഇതോടെ മലബാർ മേഖലയിലെ മിക്ക കൊപ്രക്കളങ്ങളും അടച്ചു പൂട്ടി. വെളിച്ചെണ്ണ മില്ലുകൾ കൊപ്ര വാങ്ങിക്കുന്നതാണ് കർഷകർക്ക് ഏക ആശ്വാസം.
ഒരു തെങ്ങിന്‍റെ എല്ലാ ഭാഗങ്ങളും മനുഷ്യന് ഉപകാര പ്രദമാണ്. എന്നാൽ അതിൽ ഏറ്റവും പ്രധാനമായ തേങ്ങ ആർക്കും വേണ്ടാതായതോടെ നമ്മുടെ കാർഷിക പാരമ്പര്യം തകര്‍ച്ചയുടെ വക്കിലാണ്.