കോഴിക്കോട്: ഭരണഘടനയെ തകർക്കുന്ന നിലപാടുമായാണ് മോദി സർക്കാർ മുന്നോട്ടു പോകുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഈ നീക്കത്തിനെതിരെ പുതു തലമുറ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ തകർക്കുന്ന നയങ്ങളാണ് കേന്ദ്രം സ്വീകരിക്കുന്നത്. സ്വയം പര്യാപ്തത എന്നതിനു പകരം സ്വയം സമ്പന്നരാവുക എന്നതാണ് ഈ കവർച്ചയിലൂടെ നടപ്പാക്കുന്നത്.
ഇ.ഡി അടക്കമുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഇടതു സർക്കാറിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്രം ശ്രമിക്കുമ്പോൾ കോൺഗ്രസ് ഒത്തുകളിക്കുകയാണ്. കേരളത്തിൽ കോൺഗ്രസും ബി.ജെ.പിയും പരസ്പരം സഹകരണത്തോടെ പ്രവർത്തിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു. ബേപ്പൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി മുഹമ്മദ് റിയാസിന്‍റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.