കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ സിലി സെബാസ്റ്റ്യൻ വധക്കേസിൽ സിലിയുടെ മകൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. സിലി മരിച്ച ദിവസം താമരശ്ശേരി പാരിഷ് ഹാളിൽ ബന്ധുവിന്‍റം വിവാഹത്തിൽ പങ്കെടുത്ത ശേഷം സമീപത്തെ സ്വകാര്യ ദന്താശുപത്രിയിൽ പിതാവ് ഷാജുവിന്റെ പല്ല് കാണിക്കാൻ പോയതായി മൊഴിയിൽ പറയുന്നു. അന്ന് ഷാജുവിനും തനിക്കുമൊപ്പം മാതാവ് സിലി, ജോളി, ജോളിയുടെ ഇളയ മകൻ റൊണാൾഡ് എന്നിവരാണ് ആശുപത്രിയിൽ എത്തിയിരുന്നു. ആശുപത്രിയിലെത്തിയപ്പോൾ സിലി ചെറിയ അസ്വസ്ഥത പ്രകടിപ്പിച്ചു. അപ്പോൾ ബാഗിൽ സൂക്ഷിച്ച കുപ്പിയിലെ കുടിവെള്ളം ജോളി സിലിയുടെ വായിൽ പകർന്ന് നൽകിയെന്നാണ് മൊഴി.
രണ്ട് കുപ്പികളുണ്ടായിരുന്നതിൽ പ്രത്യേകം സൂക്ഷിച്ച ചെറിയ കുപ്പിയിൽ നിന്നാണ് വെള്ളമെടുത്തത്. വെള്ളം കുടിച്ചതോടെ സിലിയുടെ ബോധം മറഞ്ഞുതുടങ്ങിയി. തുടർന്ന് അപസ്മാരത്തിനുള്ളതെന്ന് പറഞ്ഞ് ഒരു ഗുളിക കൂടി ജോളി സിലിക്ക് നൽകിയെന്നും കുട്ടിയുടെ മൊഴിയിൽ പറയുന്നു.
തന്‍റെ ഇളയ സഹോദരി ആൽഫൈൻ സയനൈഡ് ഉള്ളിൽ ചെന്ന് അവശനിലയിലായ ദിവസം അവൾക്ക് നൽകാൻ ഷാജുവിന്റെ സഹോദരിയുടെ കയ്യിൽ ജോളി ബ്രെഡ് കൊടുക്കുന്നത് കണ്ടെന്നും കുട്ടിയുടെ മൊഴിയിൽ ഉണ്ട്. ജോളിയുടെ ഭാഗത്ത് നിന്ന് തനിക്ക് മാനസികമായും ശാരീരികമായും ഉപദ്രവം നേരിട്ടതായും പതിനാറുകാരൻ അന്വേഷണസംഘത്തെ അറിയിച്ചു.