കോഴിക്കോട്: ഹോട്ടലുടമ സിദ്ധിഖിന്‍റ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ ഇന്ന് പുറത്ത് വരും. സിദ്ധിഖിനെ കൊന്ന് കൊക്കയിൽ തള്ളിയ കേസിലെ പ്രതികളെ ചെന്നൈയില്‍ നിന്ന് തിരൂരില്‍ എത്തിച്ചു. ചെന്നൈയിൽ പിടിയിലായ പ്രതികള്‍ ഷിബിലി, ഫർഹാന എന്നിവരെ പുലർച്ചെ രണ്ടരയോടെയാണ് തിരൂർ ഡിവൈഎസ്‌പി ഓഫിസിൽ എത്തിച്ചത്.
എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ഇവരെ ചോദ്യം ചെയ്യുക. മെയ് 18നാണ് ഷിബിലിയെ സിദ്ധിഖ് തന്‍റെ ഹോട്ടലിൽ നിന്ന് പുറത്താക്കിയത്. അന്ന് ഉച്ചക്ക് ശേഷം എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ സിദ്ധിഖ് രണ്ട് മുറി വാടകക്കെടുത്തതും ഷിബിലിയും ഫർഹാനയും അവിടെ എത്തിയതുമാണ് ഏറെ ദുരൂഹത ഉയര്‍ത്തുന്നത്.
സിദ്ധിഖിന്‍റെ എടിഎം കാർഡിന്‍റെ പിൻ നമ്പർ ഷിബിലിക്ക് നേരത്തെ അറിയാമായിരുന്നു എന്നതാണ് ഇതിൽ നിർണായകം. അനുരഞ്ജനത്തിലൂടെ ഒത്തുതീർപ്പിനായാണോ അതോ ഹണിട്രാപ്പിലൂടെയാണോ ഇവര്‍ സിദ്ധിഖിനെ മുറിയിൽ എത്തിച്ചത് എന്നതിലാണ് വ്യക്തത വരേണ്ടത്. സിദ്ധിഖിന്‍റെ രീതികൾ മനസിലാക്കിയ ഷിബിലി തന്ത്രപൂർവം നടത്തിയ നീക്കത്തിന്‍റെ ഭാഗമാണ് ഈ കൊലപാതകം.
ഹോട്ടൽ മുറിയിൽ വലിയ തർക്കം നടന്നതായും കൂട്ടു പ്രതി ആഷിഖ് സമ്മതിച്ചിട്ടുണ്ട്. മർദിച്ച് കൊലപ്പെടുത്തിയ ശേഷമാണ് ശരീര ഭാഗങ്ങൾ മുറിക്കാനുള്ള ഇലക്‌ട്രിക് കട്ടറും കഷണങ്ങളാക്കിയ ശരീരം ഉപേക്ഷിക്കാനുള്ള ട്രോളി ബാഗും വാങ്ങിയതെന്ന് പൊലീസിന് മനസിലായിട്ടുണ്ട്. ഇവയെല്ലാം വാങ്ങിയ കടകളും പൊലീസ് മനസിലാക്കിയിട്ടുണ്ട്.
എന്തെങ്കിലും തരത്തിലുള്ള വിഷാംശം സിദ്ധിഖിന്‍റെ ഉള്ളിൽ ചെന്നിട്ടുണ്ടോ എന്നറിയാൻ ഫോറൻസിക് റിപ്പോർട്ട് പുറത്ത് വരണം. തിരൂർ പൊലീസിന്‍റെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണം നടക്കാവ് സ്റ്റേഷനിലേക്ക് മാറ്റാനാണ് സാധ്യത. തെളിവെടുപ്പ് അടക്കമുള്ള തുടർ നടപടികളിലേക്ക് കടക്കുകയാണ് പൊലീസ്.
പാലക്കാട്, വല്ലപ്പുഴ സ്വദേശിയാണ് മുഹമ്മദ് ഷിബിലി. പാലക്കാട് ചളവറ സ്വദേശിയാണ് ഫർഹാന. ചെന്നൈ എഗ്‌മോർ സ്റ്റേഷനില്‍ നിന്ന് ജാർഖണ്ഡിലേക്ക് ന്യൂ തിൻസുകിയ എക്‌സ്‌പ്രസില്‍ കയറാനിരിക്കെയാണ് ഇരുവരെയും റെയില്‍വേ പൊലീസ് പിടികൂടിയത്. കൊലപാതക കേസില്‍ അറസ്റ്റ് ചെയ്യുകയാണെന്ന രീതിയിലല്ല റെയില്‍വേ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. മകളെ കാണാനില്ലെന്ന് ഫർഹാനയുടെ രക്ഷിതാക്കൾ പരാതി നല്‍കിയിട്ടുണ്ടെന്നും രണ്ടു പേരും വീട് വിട്ടിറങ്ങി ഒളിച്ചോടാൻ ശ്രമിക്കുകയാണെന്നും വിവരം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
അതിനുശേഷം ആർപിഎഫിന്‍റെ വിശ്രമ മുറിയിലേക്ക് മാറ്റുകയും കേരള പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഓപ്പോ മൊബൈല്‍ ഫോൺ, പതിനാറായിരം രൂപ, പാസ്‌പോർട്ട്, ലോക്ക് ചെയ്‌ത നിലയിലുള്ള ഒരു ട്രോളി ബാഗ് എന്നിവയാണ് പിടിയിലാകുമ്പോൾ ഇവരുടെ കൈവശം ഉണ്ടായിരുന്നത്.
അതേസമയം അട്ടപ്പാടി ചുരം ഒമ്പതാം വളവില്‍ നിന്നാണ് സിദ്ധിഖിന്‍റെ ശരീര ഭാഗങ്ങള്‍ അടങ്ങിയ ട്രോളി ബാഗുകള്‍ കണ്ടെടുത്തത്. റോഡില്‍ നിന്ന് അമ്പത് അടി താഴ്‌ചയിലുള്ള മന്തംപൊട്ടി തോട്ടിലാണ് ട്രോളി ബാഗുകള്‍ ഉപേക്ഷിച്ചത്. മലപ്പുറം എസ്‌പി സുജിത് ദാസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മൃതദേഹം കണ്ടെത്തിയത്.
Also Read: സിദ്ധിഖിന്‍റെ മൃതദേഹമടങ്ങിയ ട്രോളി ബാഗ് അട്ടപ്പാടി ചുരത്തില്‍ തള്ളിയ ശേഷം ചെന്നൈയിലേക്ക്