കോഴിക്കോട്: മെഡിക്കൽ കോളജിന് സമീപം ആത്‌മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്‍റെ ഷർട്ട് കണ്ടെത്തി. മരിച്ച നിലയിൽ കണ്ടെത്തിയ പറമ്പിൽ നിന്നാണ് ഷർട്ട് കിട്ടിയത്. ഷർട്ട് ഫോറൻസിക് പരിശോധനക്ക് അയക്കും.
പോക്കറ്റിൽ ഉണ്ടായിരുന്നത് കുറച്ച് ചില്ലറ പൈസയും ഒരു കെട്ട് ബീഡിയും വെറ്റില മുറുക്കാനുമായിരുന്നു. മൃതദേഹത്തിൽ ഷർട്ട് ഇല്ലാത്തതിനാൽ വിശ്വനാഥനെ കൊന്നു കെട്ടിത്തൂക്കി എന്ന പരാതി ബന്ധുക്കൾ ഉന്നയിച്ചിരുന്നു. അതിനിടെ ആശുപത്രി പരിസരത്ത് വെച്ച് വിശ്വനാഥനെ തടഞ്ഞ് വച്ച് ചോദ്യം ചെയ്‌തവരെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന തുടങ്ങിയതായി എസ്‌പി കെ സുദർശൻ അറിയിച്ചു.
നൂറിലേറെ പേർ ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നതിൽ വിശ്വനാഥനുമായി ഇടപഴകിയവരെ പ്രത്യേകം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇതിൽ രണ്ടു പേരെ തിരിച്ചറിഞ്ഞെന്നാണ് സൂചന. എന്നാൽ കൂടുതൽ വിശദാംശങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടില്ല. സിസിടിവി ദൃശ്യങ്ങളിൽ കണ്ട ആളുകൾ ഏതെങ്കിലും തരത്തിൽ വിശ്വനാഥനെ പീഡിപ്പിച്ചിട്ടുണ്ടോയെന്നാണ് ഇനി അറിയേണ്ടത്.
അന്വേഷണത്തിൽ ഉടൻ വഴിത്തിരിവ് ഉണ്ടാകുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതോടെ റീ പോസ്റ്റുമോര്‍ട്ടം എന്ന ആവശ്യത്തിൽ നിന്ന് കുടുംബം പിന്മാറി. വയനാട്ടിലെത്തിയ പ്രത്യേക അന്വേഷണ സംഘം അമ്മയുടെയും സഹോദരന്‍റെയും മൊഴി രേഖപ്പെടുത്തിയിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് വിശ്വനാഥനെ നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ പ്രസവത്തിനായി വയനാട് കൽപ്പറ്റയിൽ നിന്ന് എത്തിയതായിരുന്നു വിശ്വനാഥന്‍. ആശുപത്രിയുടെ പുറത്ത് ഇരുന്ന വിശ്വനാഥനെ മോഷണക്കുറ്റം ചുമത്തി സെക്യൂരിറ്റി ജീവനക്കാരും, നാട്ടുകാരും ചേർന്ന് ചോദ്യം ചെയ്‌തിരുന്നു.
ഇതിന്‍റെ മനോവിഷമിത്തിൽ വിശ്വനാഥൻ ആത്‌മഹത്യചെയ്‌തു എന്നാണ് പൊലീസ് നിഗമനം. അതേസമയം സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷനും, ദേശീയ പട്ടിക വർഗ കമ്മിഷനും സ്വമേധയ കേസെടുത്തിട്ടുണ്ട്.