കോഴിക്കോട് : ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഫറോക്ക് കല്ലമ്പാറ കഷായപ്പടിയിലെ ഒന്നര വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കോഴിക്കോട് കോട്ടപ്പറമ്പ് പ്രദേശത്ത് കഴിഞ്ഞദിവസം വ്യാപകമായ രീതിയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചിരുന്നു. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയും ബോധവൽക്കരണം നടത്തിയും പ്രദേശത്തെ രോഗം നിയന്ത്രിച്ചു എന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ജില്ലയിലെ മറ്റൊരു പ്രദേശത്തുകൂടി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഫറോക്ക് കല്ലംപാറ പ്രദേശത്തുള്ള ഒന്നര വയസ്സുള്ള കുട്ടിയെയാണ് വയറിളക്കത്തെ തുടർന്ന് മൂന്നു ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കുട്ടിക്ക് ഷിഗല്ല രോഗം സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ കോട്ടപ്പറമ്പിലെ വ്യാപനവുമായി ഇതിനു ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. അതുകൊണ്ടുതന്നെ ശക്തമായ ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.