കോഴിക്കോട്: കെഎസ്ആർടിസി ബസിൽ സഹയാത്രികനിൽ നിന്നും ലൈംഗിക അതിക്രമത്തിന് ഇരയായെന്ന പരാതിയുമായി കോഴിക്കോട് സ്വദേശിയായ അധ്യാപിക. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേയ്ക്കുള്ള യാത്രയിലാണ് സംഭവം. പരാതിപ്പെട്ടിട്ടും കണ്ടക്‌ടർ ഗൗരവമായി കണ്ടില്ലെന്ന് അധ്യാപിക ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തി. പൊലീസിലും കെഎസ്ആർടിസിക്കും പരാതി നൽകുമെന്നും അധ്യാപിക പറഞ്ഞു.
ശനിയാഴ്‌ച രാത്രി രണ്ടരയോടെയാണ് കെഎസ്ആർടിസി യാത്രക്കാരിയായ യുവതിയ്ക്ക് നേരെ ബസിൽ വെച്ച് ദുരനുഭവം ഉണ്ടായത്. സഹയാത്രികൻ ശരീരത്തിൽ സ്‌പർശിക്കുകയായിരുന്നു. മോശമായി പെരുമാറിയത് ചോദ്യം ചെയ്‌തതോടെ ഇയാൾ സീറ്റ് മാറി ഇരുന്നു. എന്നാൽ പരാതി പറഞ്ഞിട്ടും കണ്ടക്‌ടർ ഇടപെട്ടില്ലെന്ന് യുവതി പറയുന്നു. സഹയാത്രക്കാരും കണ്ട ഭാവം നടിക്കാതെ വന്നത് വലിയ വേദന ഉണ്ടാക്കിയെന്ന് യുവതി ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.
ദുരനുഭവം യുവതി ഫേസ്ബുക്കിൽ പങ്കുവെച്ചു. സംഭവം വാർത്ത ആയതോടെ ഗതാഗത മന്ത്രി ആൻ്റണി രാജു വിഷയത്തിൽ ഇടപെട്ടു. യുവതിയെ ഫോണിൽ വിളിച്ച് നടപടി ഉണ്ടാകുമെന്ന് ഉറപ്പ് വരുത്തി. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഗതാഗതമന്ത്രി ആൻ്റണി രാജു നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് യുവതിയുടെ തീരുമാനം
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:
ഒരുപാട് ഇടങ്ങളിൽ തൊടലും തൊണ്ടലും പിടിക്കലും നേരിട്ടിട്ടുണ്ട്, അന്നേരം തന്നെ ഉറക്കെ പ്രതികരിക്കാറാണ് ശീലം. ചുറ്റുമുള്ള മനുഷ്യർ അത് ഏറ്റെടുത്ത് കട്ടക്ക് കൂടെ നിന്നിട്ടെ ഉള്ളു. തനിച്ച് യാത്ര ചെയ്യാനുള്ള ധൈര്യവും അത് തന്നെയാണ്. ഇന്ന് പക്ഷെ ആദ്യമായി ആരും എന്നെ കേട്ടില്ല, എനിക്ക് വേണ്ടി ഒരക്ഷരം മിണ്ടിയില്ല. അതും നടന്നത് ഞാൻ ഏറ്റവും അധികം സ്വന്തമായി കാണുന്ന, സുരക്ഷിതത്വം അനുഭവിച്ചിട്ടുള്ള എന്‍റെ കെഎസ്ആർടിസി ബസിനുള്ളിൽ.
കണ്ടിട്ട് പ്രതികരിക്കാതെ ഇരുന്നതും, ഒടുവിൽ പരാതി പറഞ്ഞപ്പോൾ കയർത്ത് ബഹളം ഉണ്ടാക്കി, ട്രോമയിൽ ഇരുന്ന എന്നെ മാനസികമായി തകർത്തതും ഒരു കെഎസ്ആർടിസി ഉദ്യോഗസ്ഥൻ ആണെന്ന് ഓർക്കുമ്പോൾ എനിക് പേടിയാവുന്നു. പൊലീസ് ഇടപെട്ടിട്ടു പോലും താൻ ചെയ്‌തത് തെറ്റാണെന്ന് മനസിലാക്കാതെ അയാൾ ഇവിടെ സീറ്റിൽ സമാധാനമായി മയങ്ങുന്നത് കാണുമ്പോൾ സഹിക്കുന്നില്ല.
എന്‍റെ കൂടെ നിന്ന് ഒരു വാക്കു മിണ്ടാത്ത ഈ ബസിലെ എന്തിനോ വേണ്ടി ഓടുന്ന, പൊലീസ് സ്റ്റേഷനിൽ പോയാൽ സമയം പോകുന്ന പൗരന്മാരെ ഉപദ്രവിക്കാൻ താൽപര്യം ഇല്ലാത്തത് കൊണ്ട് തന്നെ, എന്‍റെ നാട്ടിലെത്തി, വേണ്ട നടപടികളിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നത്.
ദയവായി പറയട്ടെ....
നിങ്ങളുടെ മുന്നിൽ ഒരു സ്ത്രീ ഉപദ്രവിക്കപ്പെട്ടു കരയുമ്പോൾ കാണാത്ത പോലെ ഇരിക്കരുത്, അവളെ കുറ്റപ്പെടുത്തരുത്, അവളോട് കയർക്കരുത്... താങ്ങാൻ ആവില്ല അത്...
ഞാൻ ഇപ്പോൾ ഓക്കെയാണ്, ഉപദ്രവിക്കപ്പെട്ടതിൽ ഉള്ള വേദന ഒക്കെ അയാളോട് പ്രതികരിച്ചപ്പോഴേ പോയിട്ടുണ്ട്.. പക്ഷെ ഇത്രേം നേരമായിട്ടും സംഭവം കഴിഞ്ഞു 3 മണിക്കൂർ ആയിട്ടും ആ കെഎസ്ആർടിസി ഉദ്യോഗസ്ഥനായ മനുഷ്യന് എന്നോട് വന്ന് ഒരു നല്ല വാക്ക് പറയാൻ തോന്നുന്നില്ലല്ലോ എന്നത് എന്നെ പിന്നെയും പിന്നെയും ഭയപ്പെടുത്തുന്നു, വേദനിപ്പിക്കുന്നു.. എന്തിനാ അത്രേം മണ്ടത്തിയായി പ്രതീക്ഷിക്കുന്നത് എന്ന് ചോദിക്കരുത്, ഞാൻ ഇങ്ങനെയാ, ഇത്രേം മനുഷ്യത്വം ഇല്ലാത്തവരെ എനിക് ഉൾകൊള്ളാൻ പറ്റുന്നില്ല..
ഇനി പഴയ പോലെ, കെഎസ്ആർടിസി മാസാണ്, ഡ്രൈവർ ഏട്ടന്മാരൊക്കെ നമ്മളെ അനിയത്തിമാരെയും മക്കളെയും പോലെ നോക്കും എന്ന ധൈര്യത്തിൽ രാത്രി ഇങ്ങനെ ബസിൽ കയറി വരാൻ പറ്റുമോന്നറീല്ല!
This is a serious legal issue and i will address it that way only. Right now all i care is, i don't wanna lose hope in KSRTC and i don't wanna lose hope in humanity and human beings.
Also Read: ടാറ്റൂ സ്റ്റുഡിയോയിലെ ലൈംഗിക അതിക്രമം; ടാറ്റൂ ആർട്ടിസ്റ്റ് സുജീഷ് അറസ്റ്റിൽ