കോഴിക്കോട്/കൊച്ചി: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്‍റെ സുരക്ഷ കൂട്ടണം എന്നാവശ്യപ്പെട്ടുള്ള റിപ്പോർട്ട് പൊലീസ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. മാനസികാരോഗ്യ കേന്ദ്രത്തിന് ഉയരത്തിലുള്ള ചുറ്റുമതിൽ നിർമിക്കണം, പുറത്തേക്ക് ചാഞ്ഞ് കിടക്കുന്ന മരങ്ങൾ മുറിച്ച് മാറ്റണം, കൂടുതൽ സുരക്ഷ ജീവനക്കാരെ നിയമിക്കണം എന്നീ നിർദേശങ്ങള്‍ അടിയന്തരമായി നടപ്പാക്കണമെന്നാണ് പൊലീസ് റിപ്പോർട്ടിലുള്ളത്.
ഹൈക്കോടതി നിർദേശപ്രകാരമാണ് മൂന്ന് എസിപിമാർ (അസിസ്റ്റന്‍റ് കമ്മിഷണര്‍ ഓഫ് പൊലീസ്) കുതിരവട്ടത്ത് പരിശോധന നടത്തി സുരക്ഷ വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കിയത്. മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് ഡയറക്ടർ പരിശോധന നടത്തിയിരുന്നു. മാനസികോരാഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട രോഗി വാഹനമിടിച്ച് മരിച്ച സംഭവത്തിൽ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ എത്തിയത്. സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ സർക്കാർ ഡോക്ടർമാരുടെ സംഘടന മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഉരുത്തിരിഞ്ഞ ധാരണകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
റിമാൻഡ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചത് ഉൾപ്പെടെയുള്ള സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനെ ബലിയാടാക്കി എന്നായിരുന്നു കെജിഎംഎയുടെ പരാതി. അതിനിടെ സുരക്ഷ സംവിധാനം മെച്ചപ്പെടുത്താൻ നാല് ജീവനക്കാരെ നിയമിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.