കോഴിക്കോട്: പാരമ്പര്യത്തിൻ്റെ പിൻബലമോ ഗുരുനാഥന്മാരുടെ ശിക്ഷണമോ ഇല്ലാത്ത ഒരു ശിൽപിയുണ്ട് കോഴിക്കോട്. ജന്മവാസന ഒന്നുകൊണ്ടുമാത്രം ശില്‍പകലയിൽ കഴിവ് തെളിയിച്ച പെരുവയൽ കട്ടാടിപ്പറമ്പ് ബാലകൃഷ്‌ണൻ. 30 വർഷത്തിലേറെ കാലമായി ശിൽപങ്ങളുടെ മാത്രം ലോകത്ത് ജീവിക്കുന്ന ബാലകൃഷ്‌ണന്‍റെ കൈകളിലൂടെ പിറവിയെടുത്തത് നിരവധി നിർമിതികളാണ്.
മനസിൽ തോന്നിയതുപോലെ ചെറിയ രൂപങ്ങൾ നിർമിച്ചായിരുന്നു ശിൽപ നിർമാണത്തിന്‍റെ തുടക്കം. അത് വിജയിച്ചതോടെ നിർമിതിയുടെ വലിപ്പവും കൂടിക്കൂടി വന്നു. ഇപ്പോൾ കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലായി ബാലകൃഷ്‌ണൻ ശിൽപി എന്ന നിലയിൽ ഏറെ പ്രശസ്‌തി നേടിക്കഴിഞ്ഞു. ക്ഷേത്രങ്ങളിലേക്ക് ആവശ്യമായ കൊത്തുപണികളും ബാലകൃഷ്‌ണൻ കഴിവ് തെളിയിച്ചിട്ടുണ്ട്.
ആദ്യകാലങ്ങളിൽ മരങ്ങളിലും കല്ലുകളിലും മാത്രമായിരുന്നു നിർമാണമെങ്കിൽ ഇന്ന് കോൺക്രീറ്റിലാണ് വിവിധ രൂപങ്ങൾ പിറവിയെടുക്കുന്നത്. ചെലവ് കുറവും എളുപ്പത്തിൽ നിർമിക്കാവുന്നതുമാണ് ഇത്തരം ശിൽപങ്ങൾ എന്നാണ് ബാലകൃഷ്‌ണൻ പറയുന്നത്. സിമന്‍റ്, കമ്പി എന്നിവയാണ് ഇപ്പോൾ ശിൽപ നിർമാണത്തിനുപയോഗിക്കുന്ന പ്രധാന സാമഗ്രികൾ.
ബാലകൃഷ്‌ണൻ്റെ വീട്ടിലുമുണ്ട് കരവിരുതിൽ വിരിഞ്ഞ നിരവധി ശിൽപങ്ങൾ. മാനും സിംഹവും ശ്രീബുദ്ധനും തുടങ്ങി പലതരം ശംഖുകളും വിവിധതരം ഫലവർഗങ്ങളും ഇവിടെയുണ്ട്. ഇനിയും വൈവിധ്യങ്ങൾ സൃഷ്‌ടിക്കണം എന്നതാണ് ബാലകൃഷണന്‍റെ ആഗ്രഹം.
Also Read : മനസുനിറയെ ചിത്രകല, വീടുനിറയെ ശിൽപങ്ങൾ... രാജേഷിന്‍റെ ശിൽപങ്ങൾക്ക് അഴകും ആകർഷണവുമേറെ
പുതിയ തലമുറയ്‌ക്കും തനിക്ക് അറിയാവുന്ന കാര്യങ്ങൾ പകർന്നു നൽകണമെന്ന ആഗ്രഹം കൂടി ഇദ്ദേഹത്തിനുണ്ട്. അതുകൊണ്ട് തന്നെ നിർമിതിയിൽ ഒന്നും തന്നെ ഒരു രഹസ്യ സ്വഭാവവും സൂക്ഷിക്കാറില്ല. കണക്കുകൾ കണിശമാക്കി ചിന്തയ്‌ക്ക് ഏകാഗ്രത നൽകിയാൽ മനസിൽ തെളിയുന്ന ചിത്രങ്ങൾ കൈകളിലൂടെ ശിൽപങ്ങളായി പിറവിയെടുക്കും. മനസെത്തുന്നിടത്ത് കൈ ചലിക്കും വരെ ബാലകൃഷ്‌ണൻ അത് തുടരും.