കോഴിക്കോട് : മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്‌ത്രക്രിയയ്‌ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി പൊലീസ്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ ഡിജിപിയ്‌ക്ക് അപേക്ഷ സമര്‍പ്പിച്ചു. ഡോക്‌ടര്‍മാര്‍ ഉള്‍പ്പെടെയുള്ള നാല് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനായാണ് അനുമതി തേടിയത്.
ആശുപത്രിയിലെ ഡോക്‌ടര്‍മാരായ രമേശന്‍, ഷഹന, സ്റ്റാഫ് നഴ്‌സുമാരായ രഹന, മഞ്ജു എന്നിവരാണ് കേസിലെ പ്രതികള്‍. പ്രോസിക്യൂഷൻ നടപടികൾക്കുള്ള സർക്കാരിന്‍റെ അനുമതിക്ക് അപേക്ഷ സമർപ്പിക്കാൻ വൈകിയതോടെ പരാതിക്കാരിയായ ഹർഷിന വീണ്ടും സമരം പ്രഖ്യാപിച്ചിരുന്നു. കേസിൽ ഡോക്‌ടര്‍മാരും രണ്ട് ആരോഗ്യപ്രവർത്തകരും കുറ്റക്കാരെന്ന് മെഡിക്കല്‍ കോളജ് അസി. കമ്മിഷണർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി നേരത്തെ ജില്ല പൊലീസ് മേധാവിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അപേക്ഷയില്‍ വ്യക്തത കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടി മടക്കി അയച്ചു. അപേക്ഷയിലുള്ള ചില തീയതികളില്‍ വ്യക്തത കുറവുണ്ടെന്നും സ്‌കാനിങ് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തിയ ഡോക്‌ടറുടെ മൊഴി ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് അസിസ്റ്റന്‍റ് കമ്മിഷണറുടെ റിപ്പോര്‍ട്ട് തിരിച്ചയച്ചത്. തുടര്‍ന്ന് ഒരു മാസത്തിന് ശേഷമാണ് വീണ്ടും അപേക്ഷ സമര്‍പ്പിച്ചത്.
പ്രതികള്‍ ആരോഗ്യ പ്രവര്‍ത്തകരായത് കൊണ്ട് മനഃപൂര്‍വം സര്‍ക്കാര്‍ നടപടികള്‍ വൈകിപ്പിക്കുകയാണ് എന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. കേസിന്‍റെ തുടര്‍നടപടികള്‍ക്കായി 104 ദിവസമാണ് പരാതിക്കാരി സത്യഗ്രഹമിരുന്നത്. ഇതിന് പിന്നാലെയാണ് നാല് പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി കുന്ദമംഗലം കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിനയായ കത്രിക: 2017ലാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. മലപ്പുറം സ്വദേശിയായ ഹര്‍ഷിനയാണ് പരാതിക്കാരി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് 2017 നവംബറിലാണ് ഹര്‍ഷിന ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായത്. ശസ്‌ത്രക്രിയ കഴിഞ്ഞ ദീര്‍ഘ നാള്‍ പിന്നിട്ടിട്ടും വേദന ഭേദമാകാതെ വന്നതോടെയാണ് ഹര്‍ഷിന സ്വകാര്യ ആശുപത്രിയിലെത്തി സ്‌കാനിങ് നടത്തിയത്.
സ്‌കാനിങ് റിസള്‍ട്ട് ലഭിച്ചപ്പോഴാണ് മൂത്ര സഞ്ചിയില്‍ കുത്തി നില്‍ക്കുന്ന നിലയില്‍ കത്രിക കണ്ടെത്തിയത്. 12 സെന്‍റിമീറ്റര്‍ നീളവും ആറ് സെന്‍റിമീറ്റര്‍ വീതിയുമുള്ള കത്രികയാണ് വയറ്റില്‍ അകപ്പെട്ടിരുന്നത്. ദീര്‍ഘനാളായി മൂത്ര സഞ്ചിയില്‍ കുത്തി നിന്നത് കൊണ്ട് അവിടെ മുഴയും രൂപപ്പെട്ടിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഹര്‍ഷിന വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി ശസ്‌ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തത്. ഇതിന് പിന്നാലെയാണ് ഹര്‍ഷിന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നിയമ നടപടിയുമായി രംഗത്തെത്തിയത്.