കോഴിക്കോട്: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആവേശത്തിരയിളക്കത്തിലാണ് കേരളത്തിലെ ഗ്രാമങ്ങൾ. അര്‍ജന്‍റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍ ടീമുകളുടെ ഫ്ലക്‌സുകളും മെസി, നെയ്‌മര്‍, റൊണാള്‍ഡോ താരങ്ങളുടെ കട്ടൗട്ടുകളും നാട് കീഴടക്കുമ്പോള്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്‌തരാവുകയാണ് മുക്കം കൊടിയത്തൂര്‍ പഞ്ചായത്തിലെ കാരക്കുറ്റിക്കാര്‍.
ഫുട്ബോൾ പെരുമ കൊണ്ട് നേരത്തെ തന്നെ അറിയപ്പെട്ടിരുന്ന ഈ കൊച്ചുഗ്രാമം, ഇപ്പോൾ ഖത്തറിൻ്റെയും സൗദി അറേബ്യയുടെയും, ആഫ്രിക്കന്‍ രാജ്യമായ സെനഗലിൻ്റെയും കൂറ്റൻ ഫ്ലക്‌സുകള്‍ സ്ഥാപിച്ചാണ് ശ്രദ്ധേയമാകുന്നത്. പ്രവാസകാലത്ത് തങ്ങൾക്ക് തണലേകിയ സൗദി അറേബ്യയുടെയും ഖത്തറിന്‍റെയും കൂറ്റൻ ബാനറുകളാണ് ഇവർ സ്ഥാപിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രവാസജീവിതം അവസാനിപ്പിച്ചെത്തിയ കാരക്കുറ്റിയിലെ കൂട്ടായ്‌മകളാണ് ബാനറുകൾ ഒരുക്കിയത്.
പ്ലാസ്റ്റിക്കിന് പകരം തുണിശീലകളാണ് ബാനറുകളൊരുക്കാന്‍ നൂറിലധികം അംഗങ്ങളുള്ള സംഘം ഉപയോഗിച്ചത്. 'മറക്കില്ലൊരിക്കലും നിങ്ങളെ' എന്ന വാചകത്തോടെയാണ് സൗദി ഫുട്‌ബോൾ ടീമിന്‍റെ ബാനര്‍. 'അത് സംഭവിക്കുന്നത് വരെ അത് അസാധ്യമാണെന്ന് തോന്നുന്നു' എന്ന തലവാചകത്തോടെയാണ് ഖത്തര്‍ പ്രവാസി കൂട്ടായ്‌മ ബാനര്‍ സ്ഥാപിച്ചത്. അങ്ങാടികളിൽ ബിരിയാണി വിളമ്പിയും കലാപരിപാടികൾ നടത്തിയും ഖത്തറിനോടുള ഐക്യദാർഢ്യവും കൂട്ടായ്‌മ പ്രകടിപ്പിക്കുന്നു.