കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയില്‍, റോയ് തോമസ് കൊല്ലപ്പെട്ട കേസിൽ സാക്ഷി വിസ്താരം ഇന്ന് ആരംഭിക്കും. മുഖ്യപ്രതി ജോളി ജോസഫുമായി സംസാരിക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്‍റെ ആവശ്യം കോടതി അംഗീകരിച്ചതോടെയാണ് സാക്ഷി വിസ്താരം ആരംഭിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. പൊലീസിന്‍റെ സാന്നിധ്യം ഇല്ലാതെ തൻ്റെ കക്ഷിയുമായി സംസാരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അഡ്വക്കേറ്റ് ബിഎ ആളൂർ കോടതിയെ ബോധിപ്പിച്ചിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടര മുതൽ കോടതി പിരിയുന്നത് വരെ ജോളിയുമായി സംസാരിക്കാൻ ജഡ്‌ജി എസ് ആർ ശ്യാംലാൽ അനുമതി നൽകിയിരുന്നത്. വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കിയ രണ്ടാം പ്രതി എം എസ് മാത്യുവിനെ നേരിട്ട് ഹാജരാക്കണമെന്ന അഭിഭാഷകന്‍റെ ആവശ്യവും കോടതി അംഗീകരിച്ചു.
കൊല്ലപ്പെട്ട റോയ് തോമസിന്‍റെ സഹോദരിയും കേസിലെ ഒന്നാം സാക്ഷിയുമായ രഞ്ചി വിൽസന്‍റെ വിസ്താരമാണ് ജില്ല സെഷൻസ് കോടതിയിൽ ഇന്ന് ആരംഭിക്കുക. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് എൻ കെ ഉണ്ണികൃഷ്ണനും പ്രതിഭാഗത്തിനായി ബി എ ആളൂരും, ഷഹീര്‍സിംഗും ഹാജരാകും.
'ആത്മഹത്യ'യായിരുന്ന കേസിന്‍റെ ചുരുളഴിയുന്നു : 2011ലാണ് കൂടത്തായി പൊന്നാമറ്റം റോയ് തോമസ് കൊല്ലപ്പെടുന്നത്. ശരീരത്തില്‍ സയനൈഡിന്‍റെ അംശം കണ്ടെത്തിയിരുന്നെങ്കിലും കോടഞ്ചേരി പൊലീസ് അന്ന് ആത്മഹത്യയായി കേസ് ഫയൽ മടക്കുകയായിരുന്നു. എട്ട് വർഷത്തിന് ശേഷം റോയ് തോമസിന്‍റെ സഹോദരന്‍ റോജോ തോമസ് നൽകിയ പരാതിയിലാണ് കേസിൻ്റെ ചുരുളഴിഞ്ഞത്. വടകര റൂറല്‍ എസ് പി ആയിരുന്ന കെ ജി സൈമൺ ആണ് രഹസ്യാന്വേഷണത്തിലൂടെ കേസിൽ വഴിത്തിരിവുണ്ടാക്കിയത്.
അന്വേഷണത്തില്‍ വെളിപ്പെട്ടത് ഞെട്ടിക്കുന്ന വിവരങ്ങള്‍ : തുടർന്ന് റോയ് തോമസിന്‍റെ ഭാര്യ ജോളിയടക്കം നാല് പ്രതികൾ അറസ്റ്റിലായിരുന്നു. റോയിയുടെ മുന്‍ഭാര്യ ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ സ്പെഷ്യല്‍ബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണം എത്തി നിന്നത് പൊന്നാമറ്റം തറവാട്ടിലെ ദുരൂഹ മരണങ്ങളിലാണ്.
ALSO READ: ട്രെയിന്‍ യാത്രയ്ക്കിടെ തര്‍ക്കം ; കൊയിലാണ്ടിയില്‍ യുവാവിനെ തള്ളിയിട്ട് കൊന്നു, 48കാരന്‍ അറസ്റ്റില്‍
എല്ലാത്തിനും പിന്നില്‍ ജോളി ? : ദുരൂഹതയുടെ ചുരുളഴിക്കാന്‍ റൂറല്‍ എസ് പി ചുമതലയേല്‍പ്പിച്ചത് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ആര്‍ ഹരിദാസിനെയായിരുന്നു. ഇതിനുപിന്നാലെയാണ് റോയ് തോമസ് അടക്കമുള്ള ആറുപേരുടേയും മരണം കൊലപാതകമാണെന്ന വിവരം പുറത്തുവന്നത്. എല്ലാത്തിനും പിന്നില്‍ ജോളിയാണെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. റോയ് തോമസിന്‍റെ കൊലപാതകത്തില്‍ 255 സാക്ഷികളാണ് പ്രോസിക്യൂഷന്‍റെ പട്ടികയില്‍ ഉള്ളത്.
സയനൈഡോ വിഷാംശമോ കണ്ടെത്താന്‍ കഴിഞ്ഞില്ല : അതിനിടെ പുറത്തെടുത്ത് പരിശോധന നടത്തിയതിൽ നാല് മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡോ വിഷാംശമോ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ട് വന്നിരുന്നു. കൊല്ലപ്പെട്ട അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയിൽ മാത്യു, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്. 2002 മുതൽ 2014 വരെയുള്ള കാലത്താണ് ഇവർ മരിച്ചത്. 2019 ലാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് പരിശോധനക്കയച്ചത്.