കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി റവന്യൂ വകുപ്പ് ഇൻഡസ്ട്രിയൽ സിലിണ്ടറുകൾ ശേഖരിച്ചു തുടങ്ങി. ജില്ലാ കലക്‌ടറുടെ ഉത്തരവിനെ തുടർന്ന് തഹസിൽദാറുടെ നേതൃത്വത്തിലാണ് താലൂക്കിലെ വിവിധ മേഖലകളിലെ വർക്ക് ഷോപ്പുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും സിലിണ്ടറുകൾ ശേഖരിച്ച് തുടങ്ങിയത്.
Read more: ജില്ലയിൽ ഓക്‌സിജൻ സംവിധാനവും വെന്‍റിലേറ്റർ കിടക്കകളും സജ്ജമെന്ന് കലക്ടർ
ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്നതോടെ ഗുരുതരാവസ്ഥയിലേക്കെത്തുന്ന രോഗികൾക്ക് ഓക്‌സിജൻ സൗകര്യം ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഇത്തരം സിലിണ്ടറുകൾ ശേഖരിച്ച് തുടങ്ങിയത്. ഇൻഡസ്ട്രിയലുകളിൽ ഉപയോഗിക്കുന്ന സിലിണ്ടറുകളിലെ ഓക്‌സിജൻ ഒഴിവാക്കി ശുചീകരിച്ചതിന് ശേഷം മെഡിക്കൽ ഓക്‌സിജൻ നിറച്ച് ഓക്‌സിജൻ ക്ഷാമം പരിഹരിക്കുക എന്നതാണ് ലക്ഷ്യം. വടകര താലൂക്കുകളിലെ വിവിധ വില്ലേജുകളിൽ നിന്നായി ഒരാഴ്‌ചക്കുള്ളിൽ 100 ഓളം സിലിണ്ടറുകളാണ് ശേഖരിച്ചത്. ശേഖരിച്ച സിലിണ്ടറുകൾ കോഴിക്കോട് വെയർഹൗസിൽ എത്തിച്ച് ശുചീകരണം നടത്തിയതിന് ശേഷം മെഡിക്കൽ ഓക്‌സിജൻ നിറക്കും. പദ്ധതിയോട് എല്ലാവരും സഹകരിക്കുന്നുണ്ടെന്ന് റവന്യൂ അധികൃതർ പറഞ്ഞു.