കോഴിക്കോട്: വർഷംതോറുമുണ്ടാകുന്ന പ്രളയത്തില്‍ നിന്ന് കരകയറാൻ ഇരുനില വീട് തറനിരപ്പിൽ നിന്ന് ഉയർത്തി. കുളിമാട് അരീക്കരയിൽ റിട്ടയേഡ് എസ്.ഐ പുഷ്പരാജന്‍റെയും ഹെൽത്ത് സൂപ്പർ വൈസറായി വിരമിച്ച ഇന്ദിരയുടെയും വീടാണ് ആറ് അടിയിലധികം ഉയർത്തിയത്. കൂളിമാട്-പുൽപറമ്പ് റോഡരികിൽ അരീക്കരയിൽ 15 വർഷം മുമ്പാണ് പുഷ്പരാജൻ വീടുനിർമിച്ചത്. 2019ലെ പ്രളയത്തിൽ ഏഴര അടിയോളം ഉയരത്തിൽ വീട്ടിൽ വെള്ളം കയറിയിരുന്നു. 2018ലും 2020ലും പ്രളയം ദുരിതമുണ്ടാക്കി. കുടുംബം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടിവന്നു. സാധന സാമഗ്രികൾ മാറ്റിയും പ്രളയത്തിനുശേഷം വീട് ശുചീകരിച്ചും മറ്റുമുള്ള ദുരിതങ്ങൾ തുടരെ പ്രയാസം സൃഷ്ടിച്ചതോടെയാണ് വീട് തറനിരപ്പിൽനിന്ന് പരമാവധി ഉയരത്തിലേക്ക് പൊക്കാൻ തീരുമാനിച്ചത്.
20 ലക്ഷത്തോളം രൂപയാണ് വീട് ഉയര്‍ത്തുന്നതിന് ചിലവായത്. 1900 ചതുരശ്ര അടി വിസ്തൃതിയുള്ള വീട് 200ഓളം ജാക്കി ഉപയോഗിച്ചാണ് ഉയർത്തിയത്. വെള്ളിപ്പറമ്പ് സ്വദേശിയാണ് കരാർ എടുത്തത്. ഝാർഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു തൊഴിലാളികൾ. തറയിലെ കരിങ്കല്ലുകൾ ഇളക്കിമാറ്റി ജാക്കി ഘടിപ്പിച്ചായിരുന്നു ഉയർത്തൽ. ഉയർത്തിയ ഭാഗത്ത് മണ്ണ് നിറക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. വീടിനു ചുറ്റും കരിങ്കൽഭിത്തി കെട്ടി പുതിയ തറനിരപ്പിന് അനുസരിച്ച് മണ്ണിട്ട് ഉയർത്തണം. പ്രവൃത്തി തീരുന്നതുവരെ സഹോദരിയുടെ വീട്ടിലാണ് പുഷ്പരാജനും കുടുംബവും താമസിക്കുന്നത്. വലിയൊരു തുക ചെലവ് വരുമെങ്കിലും അടിക്കടിയുണ്ടാകുന്ന പ്രയാസത്തിൽനിന്ന് രക്ഷനേടാനാണ് വീട് ഉയർത്തുന്നതെന്ന് വീട്ടുടമ പുഷ്പരാജൻ പറയുന്നു.