കോഴിക്കോട് : നിപ ബാധിച്ച് ചികിത്സയിലായിരുന്ന 12 കാരന്‍ മരിച്ചു. കോഴിക്കോട് സ്വദേശിയായ കുട്ടി സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ച 4.45 നായിരുന്നു മരണം. പനി ബാധിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ആദ്യം ഓമശ്ശേരി ശാന്തി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടര്‍ന്ന്, കോഴിക്കോട് മെഡിക്കൽ കോളജില്‍ ചികിത്സിച്ച കുട്ടിയെ സെപ്‌റ്റംബര്‍ ഒന്നിന് മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇവിടെ പ്രവേശിപ്പിക്കുമ്പോള്‍ കുട്ടിയ്‌ക്ക് 104 ഡിഗ്രി പനിയാണ് രേഖപ്പെടുത്തിയത്. അപസ്‌മാരവും, ഛർദിയുമുണ്ടായി. അബോധവസ്ഥയിലായിരുന്ന കുട്ടി ആറ് ദിവസമായി വെൻ്റിലേറ്ററിലായിരുന്നു. ഇതിനിടയിൽ സംശയം തോന്നിയ ഡോക്‌ടര്‍ സാമ്പിള്‍, പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.
ALSO READ: കേന്ദ്രത്തിന്‍റെ പഴയ വാഹനം പൊളിക്കൽ നയം ബസ് വ്യവസായത്തെ തകർക്കുമെന്ന് ബസ് ഉടമകൾ
ഇവിടുന്നുള്ള റിപ്പോര്‍ട്ടിലാണ് നിപ ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചത്. ശേഷം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വന്ന ഫലവും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും മന്ത്രി വീണ ജോര്‍ജ് ഇത് വിശദീകരിക്കുകയുമായിരുന്നു.
കുട്ടിയുടെ വീടിന്‍റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലും സംസ്കാരം നടക്കുന്ന ശ്മശാനത്തിന്‍റെ പരിസരത്തും പൊലീസ് കര്‍ശന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം പ്രത്യേക സാഹചര്യത്തില്‍ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ഉച്ചയോടെ ഉന്നതതലയോഗം ചേരും.മന്ത്രിമാരായ വീണ ജോര്‍ജ് മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം.
നിപ പ്രതിരോധത്തിനായി രണ്ട് സംഘത്തെ നിയോഗിച്ചതായും ആശങ്ക വേണ്ടെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. നേരത്തെ കുട്ടിയ്ക്ക് കൊവിഡ് ബാധിച്ചിരുന്നു. 2018 മേയിലാണ് സംസ്ഥാനത്ത് ആദ്യമായി നിപ സ്ഥിരീകരിച്ചത്. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്‌തത്. 18 പേരാണ് രണ്ട് മാസത്തിനിടെ മരിച്ചത്. 2019 ല്‍ കൊച്ചിയിലും രോഗം കണ്ടെത്തിയിരുന്നു. എന്നാല്‍, നിയന്ത്രണവിധേയമാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞു.