കോഴിക്കോട്: പ്രശസ്ത കായിക പരിശീലകൻ ഒതയോത്ത് മാധവൻ നമ്പ്യാർ എന്ന ഒ.എം. നമ്പ്യാർ അന്തരിച്ചു. 89 വയസായിരുന്നു. വടകര മണിയൂരിലെ വീട്ടിലായിരുന്നു അന്ത്യം. പി.ടി. ഉഷയെ പരിശീലിപ്പിച്ചതിലൂടെയാണ് നമ്പ്യാർ പ്രസിദ്ധനായത്. മികച്ച പരിശീലകന്മാർക്കുള്ള ദ്രോണാചാര്യ പുരസ്കാരം 1985 ൽ ആദ്യമായി ലഭിച്ചത് നമ്പ്യാർക്കായിരുന്നു. കായികരംഗത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2021 ല്‍ പത്മശ്രീ പുരസ്കാരം ലഭിച്ചു.
1935-ൽ ജനിച്ച നമ്പ്യാർ കോളജ് ജീവിതകാലത്ത് തന്നെ മികച്ച കായികതാരമായിരുന്നു. ഗുരുവായൂരപ്പൻ കോളജിൽ പഠനം പൂർത്തിയാക്കിയ നമ്പ്യാർ പ്രിൻസിപ്പലിന്‍റെ ഉപദേശത്തെ തുടർന്നാണ് ഇന്ത്യൻ സൈന്യത്തിൽ ചേർന്നത്. 1955ല്‍ വ്യോമസേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അവിടെയും അദ്ദേഹം അറിയപ്പെടുന്ന കായികതാരമായിരുന്നു. സർവീസസിനെ പ്രതിനിധീകരിച്ച് അദ്ദേഹം ദേശീയ അത്ലറ്റിക് മീറ്റുകളിൽ പങ്കെടുത്തു.
എന്നാൽ അന്തർ ദേശീയ മത്സരങ്ങളില്‍ രാജ്യത്തെ പതിനിധീകരിക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല. പിന്നീട് പട്യാല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്‌സിൽ നിന്നും പരിശീലക ലൈസൻസ് നേടിയ സർവ്വീസസിന്‍റെ കോച്ചായി ചേർന്നു. ഈ സമയത്ത് കേണൽ ഗോദവർമ്മ രാജയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹം കേരള സ്പോർട്സ് കൗൺസില്‍ പരിശീലകനായി. സൈനിക സേവനത്തിനു ശേഷം കണ്ണൂരിലെ സ്പോർട്‌സ് സ്കൂളിൽ അധ്യാപകനായി. 1970ലാണ് അവിടെ വിദ്യാർഥിനിയായിരുന്ന പി.ടി ഉഷയെ അദ്ദേഹം പരിശീലിപ്പിച്ചത്.
ഉഷയിലെ മികവ് മനസിലാക്കിയ നമ്പ്യാർ പിന്നീട് പി.ടി. ഉഷയുടെ വ്യക്തിഗത പരിശീലകനായി. ഒളിമ്പിക്സിലും ഏഷ്യാഡിലും ഉഷയെ ട്രാക്കിലിറക്കിയ നമ്പ്യാർ തനിക്ക് നടക്കാതെ പോയ സ്വപ്നം ശിഷ്യയിലൂടെ നേടിയെടുത്തു.
Also read: സംസ്ഥാനത്ത് 21,116 പേര്‍ക്ക് കൂടി COVID 19 ; 197 മരണം