കോഴിക്കോട്: പാലാരിവട്ടം മേൽപാലം പുതുക്കിപ്പണിയാനുള്ള പണം ഖജനാവിൽ നിന്നെടുക്കാതെ കുറ്റക്കാരിൽ നിന്ന് ഈടാക്കണമെന്ന് ഡിവൈഎഫ്ഐ. അഴിമതിയിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച രാഷ്ട്രീയ നേതാക്കളിൽ നിന്നുമാണ് പാലം പണിയാനുള്ള പണം ഈടാക്കേണ്ടത്. സർക്കാർ ഇതിന്റെ നിയമ സാധുത അന്വേഷിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാലം അഴിമതി അന്വേഷിച്ചു വരികയാണ്. അന്വേഷണം പൂർത്തിയാവുമ്പോൾ പല രാഷ്ട്രീയ നേതാക്കളും കുടുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനും ഇതിന്റെ ധാർമിക ഉത്തരവാദിത്വത്തിൽ നിന്ന് പിൻമാറാൻ സാധിക്കില്ലെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.