കോഴിക്കോട്: നിർമാണത്തിനിടെ തകർന്നു വീണ കൂളിമാട് പാലത്തിന്‍റെ മൂന്നു ബീമുകൾ നീക്കം ചെയ്യാനുള്ള പ്രവൃത്തികള്‍ ആരംഭിച്ചു. മലപ്പുറം ജില്ലയിലെ വാഴക്കാട് മപ്രം ഭാഗത്ത് കരയോടു ചേർന്നു നിർമിക്കുന്ന ബീമുകളാണ് മേയ് 16ന് തകർന്നത്. ഭാഗികമായി തകർന്ന രണ്ട് ബീമുകളുടെ അടിയിൽ എൻഗേഡറുകൾ സ്ഥാപിച്ച് താങ്ങി നിർത്തുന്ന പ്രവൃത്തിയും തുടങ്ങിയിട്ടുണ്ട്.
35 മീറ്റർ നീളവും 90 ടൺ ഭാരവുമുള്ള ബീമുകൾ പൊട്ടിച്ച് ചെറിയ ഭാഗങ്ങളാക്കി മുറിച്ചു നീക്കാനാണ് ശ്രമിക്കുന്നത്. മുറിച്ചെടുക്കുന്ന ചെറിയ ഭാഗങ്ങൾ പിന്നീട് പൊടിച്ച് കളയും. കനത്ത മഴയിൽ ചാലിയാറിലെ ജലനിരപ്പ് ഉയർന്നില്ലെങ്കിൽ പ്രവൃത്തി നാളെ തുടങ്ങാനാണ് അധികൃതരുടെ തീരുമാനം.
ഇതിനായി പ്രത്യേക ക്രെയിനുകളും കട്ടിങ് യന്ത്രങ്ങളും സ്ഥലത്തെത്തിച്ചു. ഭാഗികമായി തകർന്ന ബീമുകൾ മാറ്റിയ ശേഷമേ പുഴയിൽ പതിച്ച ബീം ഉയർത്തി മുറിച്ചു നീക്കുന്ന പ്രവൃത്തി തുടങ്ങുകയുള്ളൂ. കെആർഎഫ്ബിയുടെ അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പി.ബി ബൈജുവിന്‍റെ നേതൃത്വത്തിലാണ് പണി നടത്തുന്നത്.